ലോകത്തിലെ ഏറ്റവും മോശം കമ്പനി ഫേസ്ബുക് ഉടമകളായ മെറ്റ; ഇതാ ജനങ്ങൾ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മോശം 5 കമ്പനികൾ

2021-ലെ ഏറ്റവും മോശം കമ്പനി എന്ന പേര് ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്ക്. ഈയിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ വിവിധ കമ്പനികളെ മെറ്റ എന്ന ഒറ്റ പേരിന് കീഴിലാക്കിയതായി പ്രഖ്യാപിച്ചത്.

സ്വകാര്യതാലംഘനങ്ങള്‍, തീവ്രവാദ, വംശീയവാദത്തിന് കൂട്ടുനില്‍ക്കല്‍, പിഴ വിവാദം എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലൂടെയാണ് ഫേസ്ബുക്ക് ഈ വര്‍ഷം കടന്നുപോയത്. കുട്ടികളെ മോശമായി ബാധിക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടികളൊന്നും എടുത്തില്ലെന്ന് കാട്ടി യുഎസിലെ ഫേസ്ബുക്ക് മുന്‍ ജീവനക്കാരി പരസ്യമായി രംഗത്തെത്തിയതടക്കം കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെയായിരുന്നു കമ്പനിയുടെ മെറ്റ എന്ന പേരുമാറ്റം.

Yahoo! Finance ഈയിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് 2021-ലെ ഏറ്റവും മോശം കമ്പനിയായി മെറ്റ മാറിയത്. 1,541 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 8% പേരാണ് മാര്‍ക്ക് സക്കന്‍ബര്‍ഗ് നേതൃത്വം നല്‍കുന്ന മെറ്റയാണ് ലോകത്തെ ഏറ്റവും മോശം കമ്പനി എന്ന് പ്രതികരിച്ചത്.

രണ്ടാം സ്ഥാനത്ത് ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആലിബാബയാണ്. 4% പേരാണ് ആലിബാബയെ മോശം കമ്പനിയായി കാണുന്നത്.

അമേരിക്കന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ AT&T ആണ് മോശം കമ്പനികളില്‍ മൂന്നാം സ്ഥാനത്ത്.

അമേരിക്കന്‍ സീറോ എമിഷന്‍ വാഹന നിര്‍മ്മാതാക്കളായ Nikola ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 2020-ല്‍ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത് Nikola ആയിരുന്നു. കമ്പനി അവകാശപ്പെടുന്ന പല കണ്‍സപ്റ്റുകളും വ്യാജമാണെന്നാണ് പൊതുജനാഭിപ്രായം.

ലോകത്തെ ഏറ്റവും മൂല്യമുള്ള കാര്‍ കമ്പനി, ട്രില്യണ്‍ ഡോളര്‍ നേട്ടത്തിലെത്തുന്ന ആദ്യ കാര്‍ കമ്പനി എന്നിങ്ങനെ ഖ്യാതികള്‍ നേടിയ ടെസ്ലയാണ് ഏറ്റവും മോശം കമ്പനികളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്ത്. അതേസമയം ഉല്‍പ്പന്നങ്ങളുടെ പ്രശ്‌നം കാരണമല്ല, പൂര്‍ണ്ണമായും പ്രാവര്‍ത്തികമാകും മുമ്പ് തന്നെ കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിക്കുന്നതിലാണ് ജനങ്ങളുടെ അതൃപ്തി.

Share this news

Leave a Reply

%d bloggers like this: