യു.കെയിൽ കുരിശ് മാല ധരിച്ച് ജോലി ചെയ്ത നഴ്‌സിനെ പുറത്താക്കിയ സംഭവം; ആശുപത്രി നടപടി റദ്ദാക്കി എംപ്ലോയ്‌മെന്റ് ട്രൈബ്യുണൽ

ലണ്ടനിലെ ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ (NHS) ജോലി സമയത്ത് കുരിശ് മാല ധരിച്ചു എന്ന കാരണം പറഞ്ഞ് നഴ്‌സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. 2020 ജൂണിലാണ് ഇവിടെ ജോലി ചെയ്തിരുന്ന നഴ്‌സായ മേരി ഒന്‍ഹയെ (61) പുറത്താക്കിയത്. തുടര്‍ന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയ മേരിക്ക് ഒന്നര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

ജോലിസമയത്ത് കുരിശ് മാല ധരിക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകുമെന്നും, അതിനാലാണ് മാല ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ ആശുപത്രി അധികൃതര്‍ തന്നെ ഭീഷണിപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്ത ശേഷം ശത്രുതാപരമായ നടപടി കൈക്കൊണ്ടു എന്നായിരുന്നു മേരിയുടെ പരാതി. ഇസ്ലാം മത വിശ്വാസികള്‍ ശിരോവസ്ത്രം ധരിച്ചും, ഹിന്ദുമത വിശ്വാസികള്‍ കൈകളില്‍ ബ്രേസ്ലെറ്റ് ധരിച്ചും ആശുപത്രിയില്‍ ജോലിക്കെത്തുന്ന കാര്യവും മേരി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് പക്ഷേ വിലക്കില്ല. അതിനാല്‍ത്തന്നെ ഈ നടപടി തന്റെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേരി പരാതിയില്‍ പറഞ്ഞു. 19 വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ് മേരി.

തുര്‍ന്ന് ആശുപത്രി നടപടി മനുഷ്യത്വരഹിതമാണെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ മേരിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ജോലി സ്ഥലത്തെ സമത്വത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടി ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കൃത്യമായി കൈകളും മറ്റും വൃത്തിയാക്കുന്ന ഒരാളുടെ കുരിശ് മാലയില്‍ നിന്നും ഇന്‍ഫെക്ഷന്‍ വരുമെന്ന വാദത്തെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു.

വിധി വന്നതോടെ ആശുപത്രി അധികൃതര്‍ മേരിയോട് ഖേദം പ്രകടിപ്പിക്കുന്നതായി പറയുകയും, യൂണിഫോം, ഡ്രസ്സ് കോഡ് നയങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിക്കുകയും ചെയ്തു.

അതേസമയം യു.കെയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന അനവധി മലയാളി നഴ്‌സുമാര്‍ക്ക് ആശ്വാസകരമാകും വിധിയെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ വിശ്വാസപ്രകാരമുള്ള മാലകളും മറ്റും ധരിച്ചാണ് മിക്കവരും ജോലി ചെയ്തുവരുന്നത്.

Source: Malayalamuk.com

comments

Share this news

Leave a Reply

%d bloggers like this: