അയർലണ്ടിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെന്റ് പാട്രിക്സ് ഡേ ദിന പരേഡ് നടക്കും: ടൂറിസം മന്ത്രി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ അയര്‍ലണ്ടില്‍ സെന്റ് പാട്രിക്‌സ് ഡേ ദിന പരേഡ് നടക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് ഭീഷണി കാരണമാണ് കഴിഞ്ഞ രണ്ട് വര്‍ഷവും പരേഡിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മിക്ക നിയന്ത്രണങ്ങളും ഇന്നുമുതല്‍ പിന്‍വലിക്കപ്പെടുന്നതോടെ സെന്റ് പാട്രിക്‌സ് ദിന പരേഡും പതിവ് പോലെ മാര്‍ച്ചില്‍ നടത്തപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ പാലകപുണ്യവാളനായ സെന്റ് പാട്രിക്‌സിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പരേഡ് രാജ്യത്തിന്റെ അഭിമാനമായ പരിപാടികളിലൊന്നാണ്. 2020-ലും, 2021-ലും ഓണ്‍ലൈന്‍ ആയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇത്തവണ പക്ഷേ ആളുകളെ പങ്കെടുപ്പിച്ചുതന്നെ ഓഫ്‌ലൈനായി പരേഡ് നടക്കുമെന്ന് ടൂറിസം മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

പരിപാടിക്കായി 2 മില്യണ്‍ യൂറോ ടൂറിസം വകുപ്പ് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എത്തരത്തിലാകും ക്രമീകരണങ്ങള്‍ എന്ന കാര്യം പിന്നീട് വിശദമായി അറിയിക്കും.

Share this news

Leave a Reply

%d bloggers like this: