വാക്സിന് ആവശ്യക്കാർ കുറഞ്ഞു; അയർലണ്ടിൽ കാലാവധി കഴിഞ്ഞ 1 ലക്ഷം ഡോസുകൾ ഉപേക്ഷിച്ചു

അയര്‍ലണ്ടില്‍ കോവിഡ് വാക്‌സിനുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ കഴിഞ്ഞാഴ്ച 1 ലക്ഷം വാക്‌സിനുകള്‍ കാലാവധി കഴിഞ്ഞത് കാരണം ഉപേക്ഷിക്കേണ്ടിവന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ വരും ദിവസങ്ങളിലും ആവശ്യക്കാര്‍ എത്തിയില്ലെങ്കില്‍ കാലാവധി തീരാനിരിക്കുന്ന 5 ലക്ഷം വാക്‌സിനുകള്‍ കൂടി കളയേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിപിമാര്‍, ഫാര്‍മസികള്‍, മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ എന്നിവര്‍ക്ക് നല്‍കിയ ഡോസുകളാണ് കാലാവധി തീരാനിരിക്കുന്നത്. ഡിസംബറിലാണ് ഈ വാക്‌സിനുകള്‍ എത്തിച്ചത്.

രാജ്യത്ത് 26 ലക്ഷത്തോളം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്‌സിന് ആവശ്യക്കാര്‍ കുറഞ്ഞുവരികയാണ്. ചെറുപ്പക്കാരാണ് കൂടുതലായും ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാന്‍ മടിക്കുന്നത്. 18-49 പ്രായക്കാരില്‍ 40% മുതല്‍ 66% വരെ പേരാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിച്ചതെന്ന് ഈയിടെ മന്ത്രിസഭായോഗത്തില്‍ വ്യക്തമായിരുന്നു.

5-11 പ്രായക്കാരായ കുട്ടികളില്‍ 23% പേരാണ് ഇതുവരെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെയുള്ള 482,000 പേരില്‍ 80,000 പേര്‍ മാത്രമാണിത്. അതുമല്ല പുതിയ രജിസ്‌ട്രേഷനുകള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവുകള്‍ വരുത്തിയതോടെ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ പേരിലേയ്ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നത് കുറഞ്ഞ പ്രദേശങ്ങളെ പ്രത്യേകം ലക്ഷ്യമിട്ട് കാംപെയിനുകള്‍ സംഘടിപ്പിക്കും. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങളും തുറക്കും.

ഇതിനിടെ 10,600 പേര്‍ക്ക് കൂടി ഇന്നലെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗബാധ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം തുടര്‍ച്ചയായി അഞ്ചാം ദിവസവും കുറഞ്ഞു എന്നത് ആശ്വാസകരമാണ്.

Share this news

Leave a Reply

%d bloggers like this: