അയർലണ്ടിൽ മാർച്ച് മാസത്തോടെ 2 ലക്ഷം പേരുടെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് കാലാവധി തീരും; യാത്രകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തോടെ 2 ലക്ഷം പേരുടെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി തീരുമെന്ന് റിപ്പോര്‍ട്ട്. അത് കാരണം ഇവര്‍ക്ക് വിദേശ യാത്ര പോലുള്ള കാര്യങ്ങള്‍ക്ക് തടസമനുഭവപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ 45,000-ഓളം പേരുടെ പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (ആദ്യ രണ്ട് ഡോസ്) കാലാവധി ഫെബ്രുവരി 1-ഓടെ അവസാനിക്കാനിരിക്കുകയാണ്. കാലാവധി അവസാനിക്കുന്നവര്‍ക്ക് വീണ്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കുകയോ, കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കോവിഡ് ബാധിച്ചു എന്ന തെളിവ് സമര്‍പ്പിക്കുകയോ വേണം. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും ഇപ്പോഴും വിദേശികളായ യാത്രക്കാരോട് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു എന്നത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന കോവിഡ് ടെസ്റ്റിങ് മാനദണ്ഡങ്ങളിലെ മാറ്റമാണ് മറ്റ് ചിലര്‍ക്ക് വിനയായിരിക്കുന്നത്. PCR ടെസ്റ്റിന് ആവശ്യക്കാര്‍ ഏറിയതോടെ നാല് മുതല്‍ 39 വരെ പ്രായക്കാരായ ആളുകളോട് സ്ഥിരമായി സ്വയം ആന്റിജന്‍ ടെസ്റ്റ് നടത്താനും, പിന്നീട് ബുക്കിങ് ലഭ്യമാകുമ്പോള്‍ PCR ടെസ്റ്റ് നടത്താനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കോവിഡ് ബാധിച്ച പലര്‍ക്കും PCR ടെസ്റ്റ് നടത്താന്‍ ഇതുമൂലം സാധിച്ചിട്ടില്ല. ബുക്കിങ് ലഭ്യമാകുമ്പോഴേയ്ക്കും മിക്കവര്‍ക്കും രോഗം ഭേദമാകുമെന്നതിനാല്‍ പോസിറ്റീവ് PCR റിസല്‍ട്ട് ലഭിക്കുക സാധ്യവുമല്ല. അതിനാല്‍ത്തന്നെ തെളിവ് ഹാജരാക്കാനും കഴിയുന്നില്ല. കോവിഡ് ബാധിച്ചാല്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ പാടുള്ളൂ എന്നതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് നീളുന്നു.

കോവിഡ് ബാധിച്ചു എന്ന് ഉറപ്പായാല്‍ സ്വകാര്യ ലാബുകളിലോ മറ്റോ പോയി ആന്റിജന്‍, PCR ടെസ്റ്റ് നടത്തി റിസല്‍ട്ട് കൈവശം വയ്ക്കുക മാത്രമാണ് വീണ്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള വഴിയെന്ന് സാരം.

ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ ചര്‍ച്ച നടന്നിരുന്നു. മാര്‍ച്ച് മാസത്തോടെ ഇതേ പ്രശ്‌നം നേരിടുന്നത് കാരണം സര്‍ട്ടിഫിക്കറ്റ് കാലാവധി തീരുന്ന 207,572 പേര്‍ രാജ്യത്ത് ഉണ്ടാകുമെന്നാണ് ചര്‍ച്ചയില്‍ വ്യക്തമായത്.

Share this news

Leave a Reply

%d bloggers like this: