ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം വാങ്ങി വീടാക്കി മാറ്റാൻ തയ്യാറാണോ? അത്തരക്കാർക്ക് 30,000 യൂറോ വരെ ഗ്രാന്റ് നൽകുന്ന പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആശാവഹമായ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്നതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ പബ്ബുകള്‍ പോലുള്ള കെട്ടിടങ്ങള്‍, പ്ലാനിങ് പെര്‍മിഷനില്ലാതെ തന്നെ വീടുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന തരത്തിലുള്ള പുതിയ ബില്‍ അടുത്ത മാസം ആദ്യം നിയമനിര്‍മ്മാണസഭയില്‍ (Oireachtas) അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ബില്‍ പാസായാല്‍, ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ വാങ്ങുന്ന first time buyers-ന് പ്രത്യേക ഗ്രാന്റ് അനുവദിക്കുമെന്ന് ഭവനവമന്ത്രി ഡാര ഒബ്രയനും അറിയിച്ചിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് 1 ലക്ഷത്തിലേറെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുണ്ടെന്നാണ് geoDirectory ഈയിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ സ്വന്തമായി ഒരു വീടില്ലാതെ വിഷമിക്കുമ്പോള്‍ അനവധി കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നതിനെതിരെ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു.

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് vacant property tax ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇത് ഇത്തരം കെട്ടിടങ്ങള്‍ വിറ്റ് ഒഴിവാക്കാനോ, പാര്‍പ്പിടങ്ങളാക്കി മാറ്റാനോ ഉടമസ്ഥരെ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പ്ലാനിങ് പെര്‍മിഷനില്ലാതെ ഈ കെട്ടിടങ്ങള്‍ പാര്‍പ്പിടങ്ങളാക്കി മാറ്റാമെന്ന് നിയമം വന്നാല്‍, first time buyers-ന് 20,000 മുതല്‍ 30,000 വരെ യൂറോ ഗ്രാന്റ് നല്‍കുമെന്നാണ് മന്ത്രി ഒബ്രയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു വീട് വാങ്ങുന്നതിലും കുറഞ്ഞ ചെലവില്‍ ഇത്തരം കെട്ടിടങ്ങള്‍ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. വീടുകളുടെ ലഭ്യത ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ലഭ്യതക്കുറവ് പരിഹരിക്കാന്‍ പദ്ധതിക്ക് ആയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: