അയർലണ്ടിൽ ഗാർഹിക പീഢനം വർദ്ധിക്കുന്നു; 2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 48,400 സംഭവങ്ങൾ

അയര്‍ലണ്ടില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ ഗാര്‍ഹികപീഢനങ്ങളുടെ എണ്ണം 10% വര്‍ദ്ധിച്ചതായി ഗാര്‍ഡ. കോവിഡ് കാരണം ലോക്ക്ഡൗണ്‍ സംഭവിച്ച സമയങ്ങളില്‍ രാജ്യത്ത് ഗാര്‍ഹികപീഢനം വര്‍ദ്ധിച്ചതായി നേരത്തെ വ്യക്തമായിരുന്നു. 2021-ലും അത് നിര്‍ബാധം തുടര്‍ന്നതായാണ് ഗാര്‍ഡയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2021-ല്‍ 48,400 ഗാര്‍ഹികപീഢന സംഭവങ്ങളാണ് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. Domestic Violence Act Orders ലംഘിച്ചതിന് 4,250 സംഭവങ്ങളില്‍ ക്രിമിനല്‍ കേസെടുക്കുകും ചെയ്തു. 2020-നെ അപേക്ഷിച്ച് 6% അധികമാണിത്.

രാജ്യത്ത് ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 8,600 കേസുകളാണ് പോയ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2020-നെ അപേക്ഷിച്ച് 13% വര്‍ദ്ധനയാണിത്.

Operation Faoiseamh എന്ന പേരില്‍ രാജ്യത്തെ ഗാര്‍ഹികപീഢന സംഭവങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഗാര്‍ഡ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പീഢനസംഭവങ്ങള്‍ ഏറിവരുന്നതായി വ്യക്തമായിരിക്കുന്നത്. 2020 ഏപ്രിലിലാണ് Operation Faoiseamh ആരംഭിച്ചത്.

ഓപ്പറേഷന്റെ ഭാഗമായി ഗാര്‍ഹികപീഢനം നടത്തുന്നവര്‍ക്ക് മേല്‍ കുറ്റം ചുമത്തുകയും, കേസ് വിചാരണകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അഞ്ച് ഘട്ടങ്ങളിലായാണ് ഓപ്പറേഷന്‍ പുരോഗമിക്കുന്നത്. 2021 ഡിസംബര്‍ 8 മുതല്‍ 2022 ജനുവരി 5 വരെയുള്ള അഞ്ചാം ഘട്ടത്തില്‍ 122 വിചാരണകളാണ് ആരംഭിച്ചത്.

രാജ്യത്ത് ഗാര്‍ഹികപീഢനമനുഭവിക്കുന്നവരെ സഹായിക്കാനായി തങ്ങള്‍ ശ്രമം തുടരുകയാണെന്ന് Garda Detective Chief Superintendent Colm Noonan പറഞ്ഞു. ഗാര്‍ഹികപീഢനം നടന്നാല്‍ ഉടന്‍ തന്നെ സഹായത്തിനായി 999 അല്ലെങ്കില്‍ 112 എന്ന നമ്പറില്‍ വിളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: