അയർലണ്ടിൽ ഈയാഴ്ച രണ്ട് കൊടുങ്കാറ്റുകൾ വീശിയടിക്കും; രാജ്യം അതീവ ജാഗ്രതയിൽ

ബാരയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ് ഭീഷണി. ഡ്യൂഡ്‌ലി (Dudley) എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ഐറിഷ് തീരത്തെത്തുമെന്നും, തൊട്ടുപിന്നാലെ മറ്റൊരു കൊടുങ്കാറ്റായ യൂണിസ് (Eunice) എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഡിസംബര്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീശിയടിച്ച ബാര കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊടുങ്കാറ്റ് കാരണം കാലവസ്ഥ മോശമായതിനെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.

പുതിയ രണ്ട് കൊടുങ്കാറ്റുകളുടെയും വരവ് മുന്നില്‍ക്കണ്ട് ബുധനാഴ്ച രാത്രി 9 മണി മുതല്‍ ഡോണഗല്‍ കൗണ്ടിയില്‍ ഓറഞ്ച് വിന്‍ഡ് വാണിങ് നിലവില്‍ വരും. മണിക്കൂറില്‍ 80 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ചില സമയങ്ങളില്‍ 130 കി.മീ വരെ വേഗത്തിലാകും ഇത്.

ഡോണഗലിലെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബുധനാഴ്ച രാത്രി 12 മണിയോടെ രാജ്യമെമ്പാടും സ്റ്റാറ്റസ് യെല്ലോ വാണിങ് നിലവില്‍ വരും. 50-65 കി.മീ വേഗതയിലുള്ള കാറ്റും, 80-110 കി.മീ വേഗതയിലുള്ള കൊടുങ്കാറ്റും വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളെയാകും ഇത് കൂടുതലായും ബാധിക്കുക. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാകും.

ബുധനാഴ്ച വൈകിട്ട് 3 മണി മുതല്‍ വടക്കന്‍ അയര്‍ലണ്ടിലെ ആന്‍ട്രിം, ഡെറി പ്രദേശങ്ങളില്‍ ആംബര്‍ വെതര്‍ വാണിങ് നല്‍കിയിട്ടുണ്ട്. Armagh, Down, Fermanagh, Tyrone എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും.

വ്യാഴാഴ്ച രാവിലെയോടെ ഡ്യൂഡ്‌ലിയുടെ ശക്തി കുറയുമെങ്കിലും, വെള്ളിയാഴ്ചയോടെ യൂണിസ് കൊടുങ്കാറ്റ് രാജ്യത്തെത്തും. ഇത് രാജ്യത്ത് കാര്യമായ കെടുതികള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയും, മഞ്ഞുമാണ് നാശം വിതയ്ക്കുക.

മുന്നറിയിപ്പുകളെത്തുടര്‍ന്ന് റോഡ് സുരക്ഷാ വകുപ്പും പൊതുജനത്തിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വേഗത കുറച്ച് വാഹനമോടിക്കുക, റോഡില്‍ വീണുകിടക്കാന്‍ സാധ്യതയുള്ള മരങ്ങളും മറ്റും പ്രത്യേകം ശ്രദ്ധിക്കുക, മറ്റ് വാഹനങ്ങളുമായും, കാല്‍നടയാത്രക്കാരുമായും കൂടുതല്‍ അകലം പാലിക്കുക, വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കാന്‍ ശ്രമിക്കാതിരിക്കുക, എല്ലായ്‌പോഴും ഹെഡ് ലാംപ് ഓണ്‍ ചെയ്തിടുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. സൈക്കിള്‍ യാത്രക്കാര്‍, ബൈക്ക് യാത്രക്കാര്‍ എന്നിവര്‍ കൊടുങ്കാറ്റിന്റെ ശക്തിയില്‍ വാഹനത്തില്‍ നിന്നും തെറിച്ച് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവയുമായി പുറത്തിറങ്ങാതിരിക്കുക.

നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: