ഉക്രെയ്‌ൻ സംഘർഷം യൂറോപ്പിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ ?

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും, ലോകം എങ്ങനെ പ്രതികരിക്കുന്നു എന്നതും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം മുതൽ വ്യാപാരത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും.

പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ?

യുദ്ധത്തിന്റെ പിരിമുറുക്കം വർദ്ധിക്കുന്നതും അനിശ്ചിതത്വം തുടരുന്നതും ഇന്ധന-ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകും. റഷ്യ~ ഉക്രൈൻ സംഘർഷത്തിന് മുൻപ് തന്നെ അയർലണ്ട് അടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പം കുത്തനെ വർധിച്ചിരുന്നു. അതിനാൽ യുദ്ധം കാരണം ഇനിയും ജീവിതചിലവ് വർധിപ്പിച്ചാൽ ജനജീവിതം ദുസ്സഹമാകും.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ 41.1 ശതമാനവും 27 ശതമാനം എണ്ണയിക്കും റഷ്യയെ ആശ്രയിക്കുന്നു . അതിനാൽ, വിതരണത്തിലെ ഏത് നിയന്ത്രണവും തടസവും പെട്ടന്നുള്ള ഊർജ്ജ വില വർധനവിലേക്ക് നയിക്കും. ഭക്ഷ്യ വിതരണവും തടസ്സപ്പെടാൻ സാധ്യതയുണ്ട്. പല രാസവളങ്ങളുടെയും പ്രധാന ഘടകമാണ് പ്രകൃതിവാതകം, അതിനാൽ ഉയർന്ന വാതകച്ചെലവ് എല്ലാ വിളകളുടെ വിലയും ഉയർത്തും. ഉക്രെയ്ൻ കഴിഞ്ഞ വർഷം 33 ദശലക്ഷം ടൺ ധാന്യമാണ് കയറ്റുമതി ചെയ്തത്, അതിനാൽ യൂറോപ്പിൽ ഉൾപ്പെടെ – ആഗോള വിപണികളിലൂടനീളം വിലക്കയറ്റം പ്രതിധ്വനിക്കും.

വ്യാപാരത്തിലും നിക്ഷേപത്തിലും ഉണ്ടാകുന്ന സ്വാധീനം ?

ഇന്ന് നടക്കുന്ന അടിയന്തര ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ റഷ്യക്കെതിരെ ഏർപെടുത്താനൊരുങ്ങുന്ന പുതിയ ഉപരോധങ്ങളെ ആശ്രയിച്ചിരിക്കും ഇത്. “ഞങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ ഉപരോധ പാക്കേജായിരിക്കും”, ബ്ലോക്കിന്റെ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു.

യൂറോപ്യൻ സ്ഥാപനങ്ങൾ ഇതര വ്യാപാര പങ്കാളികളെ സുരക്ഷിതമാക്കാൻ നോക്കിയതിനാൽ, 2014-ൽ ക്രിമിയയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനുശേഷം റഷ്യയിലേക്കുള്ള യൂറോസോണിന്റെ കയറ്റുമതി ഏകദേശം പകുതിയായി കുറഞ്ഞിരുന്നു.

റഷ്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ കയറ്റുമതി ഇപ്പോൾ പ്രതിവർഷം 80 ബില്യൺ യൂറോ മൂല്യമുള്ള ചരക്കുകളാണ്, ഇത് EU ജിഡിപിയുടെ 0.6 ശതമാനമാണ്. അവ പ്രധാനമായും യന്ത്രസാമഗ്രികൾ, കാറുകൾ, രാസവസ്തുക്കൾ, ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ എന്നിവയാണ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ, ജർമ്മനി റഷ്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരനും ഇറക്കുമതിക്കാരനുമാണ്; ഫ്രാൻസ്, നെതർലൻഡ്‌സ്, പോളണ്ട്, ഇറ്റലി, ബെൽജിയം എന്നിവയ്‌ക്കെല്ലാം ഗണ്യമായ വ്യാപാരപങ്കാളിത്തമുണ്ട്.

“റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം വരുന്നത് യൂറോപ്യൻ യൂണിയൻ സമ്പദ്‌വ്യവസ്ഥയിൽ ചില സ്വാധീനം ചെലുത്തും, ഇതിന് നമ്മൾ തയ്യാറായിരിക്കണം,” യൂറോപ്യൻ കമ്മീഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വാൽഡിസ് ഡോംബ്രോവ്സ്‌കിസ് ബുധനാഴ്ച ഒരു മാധ്യമത്തിനോട് പറഞ്ഞു.

2019-ൽ 311.4 ബില്യൺ യൂറോയുടെ നേരിട്ടുള്ള നിക്ഷേപവുമായി റഷ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകൻ കൂടിയാണ് ഇയു.

യൂറോപ്പ്യൻ സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിക്കും ?

ഊർജ- ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലകൾ ജനങ്ങളുടെ വാങ്ങൽ ശേഷി ഇല്ലാതാക്കുകയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യും. ഉപഭോഗത്തെ പെട്ടെന്ന് ബാധിക്കുകയും, നിക്ഷേപം കുറയുകയും ചെയ്യും.മാത്രമല്ല, ഉയർന്ന ഊർജ വില താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നതിനാൽ, സർക്കാരുകൾ സബ്‌സിഡികൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്, കോവിഡ് ഏൽപ്പിച്ച സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാൻ പല സർക്കാരുകളും പാക്കേജുകൾകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ പുതിയ നടപടികളിലേക്ക് നീങ്ങുന്നത് രാജ്യങ്ങളുടെ ഖജനാവിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.

ECB യുടെ ആശങ്കകൾ ?

യൂറോ പങ്കിടുന്ന 19 രാജ്യങ്ങൾക്ക് ധനനയം നിശ്ചയിക്കുന്ന ഇസിബിയുടെ വെല്ലുവിളി, ഉക്രെയ്ൻ സംഘർഷത്തിന് പണപ്പെരുപ്പ സമ്മർദങ്ങൾ കൂട്ടാനും സാമ്പത്തിക പ്രവർത്തനങ്ങളെ തളർത്താനും കഴിയും എന്നതാണ്.

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും ലോകം എങ്ങനെ പ്രതികരിക്കുന്നു എന്നതും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം മുതൽ വ്യാപാരത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും.

Share this news

Leave a Reply

%d bloggers like this: