ആയുധം താഴെവെച്ചാല്‍ ചര്‍ച്ച; യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

യുക്രൈനില്‍ നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.

റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. പൌരര്‍ക്കും കീവില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്‍റ് മന്ദിരത്തിന് ഒന്‍പത് കിലോമീറ്റര്‍ അടുത്ത് റഷ്യന്‍ സൈന്യമെത്തിയെന്നാണ് വിവരം. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകളെത്തി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങളോട് ഭരണകൂടം ആവശ്യപ്പെട്ടു.

അതേ സമയം, റഷ്യയുടെ സൈനിക പിൻമാറ്റംആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യു എൻ പൊതു സഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.

ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യ ക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു.

റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ഇതിനിടയ്ക്ക് ഉക്രയിൻ പ്രസിഡന്റ് വോളോഡിമിർ സിലൻസ്കി കീഴടങ്ങില്ല എന്നും മറ്റു രാജ്യങ്ങളിൽ അഭയം പ്രാപിപ്പിക്കില്ല എന്നും അവസാനം വരെ പൊരുതുമെന്നും പ്രസ്‌താവിച്ചു.

Share this news

Leave a Reply

%d bloggers like this: