അയർലണ്ടിലെ ആശുപത്രികളിൽ 1,127 കോവിഡ് രോഗികൾ; ഒരു വർഷത്തിനിടെ ഏറ്റവുമുയർന്ന നിരക്കിൽ

അയര്‍ലണ്ടില്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന നിരക്കില്‍. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 1,127 പേരാണ് വൈറസ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഒരേ ദിവസം ഇത്രയും രോഗികള്‍ക്ക് ആശുപത്രി ചികിത്സ വേണ്ടിവരുന്നത്.

ആശുപത്രികളിലെ ആകെ രോഗികളില്‍ 52 പേര്‍ ഐസിയുവിലാണ്. മുന്‍ ദിവസത്തെ അപേക്ഷിച്ച് നാല് പേര്‍ അധികം.

ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് ആയതിനാല്‍ പുതുതായി സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണത്തില്‍ പുതിയ അപ്‌ഡേറ്റ് ഇല്ല.

ബുധനാഴ്ചയാണ് അവസാനമായി രോഗികളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്തത്. അന്നേ ദിവസം 14,096 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 38% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇക്കഴിഞ്ഞ സെന്റ് പാട്രിക്‌സ് ഡേ ദിനാഘോഷവും, ബാങ്ക് ഹോളിഡേ വീക്കെന്‍ഡും രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന വരുത്തിയേക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.

രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ അടിസ്ഥാന ആരോഗ്യനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശാരീരിക അകലം പാലിക്കാനും, പെട്ടെന്ന് രോഗബാധ ഉണ്ടായേക്കാവുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം അയര്‍ലണ്ടിലെ ജനങ്ങള്‍ വീണ്ടും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് തലവന്‍ പോള്‍ റീഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രോഗബാധ കുറയ്ക്കാനായി വാക്‌സിനേഷന്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം അയര്‍ലണ്ടില്‍ ഇന്ന് ദേശീയ കോവിഡ് അനുസ്മരണ ദിനമായി ആചരിക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെ ഓര്‍ക്കാനും, കോവിഡ് ബാധയെ ചെറുക്കാനായി പ്രയത്‌നിക്കുന്നവരെ ആദരിക്കാനുമായാണ് National Day of Comemoration ആചരിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: