ഡബ്ലിനിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നിന് നിർമ്മാണാനുമതി നൽകി സിറ്റി കൗൺസിൽ; ഒരുങ്ങുന്നത് 22 നിലകളിലായി

ഡബ്ലിന്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നിന് നിര്‍മ്മാണാനുമതി നല്‍കി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. നിലവില്‍ ഡബ്ലിനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ Capital Dock-നെക്കാള്‍ മൂന്ന് മീറ്റര്‍ ഉയരമുണ്ടാകും പഴയ അപ്പോളോ ഹൗസ് ബില്‍ഡിങ് നിന്നിരുന്ന പ്രദേശത്ത് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്.

82 മീറ്റര്‍ ഉയരത്തില്‍ 22 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് Marlet Property Group ആണ്. ഡബ്ലിന്‍ സിറ്റി സെന്ററിന് സമീപത്തെ Tara Street-ല്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടവും, പ്രദേശവും College Square എന്നാണ് അറിയപ്പെടുക.

അതേസമയം ഈ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേയ്ക്കും നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന Tara Street-ലെ തന്നെ Ronan Group-ന്റെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കും. ഈ കെട്ടിടത്തിന് 88 മീറ്റര്‍ ഉയരമുണ്ടാകുമെന്നതിനാല്‍, അക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താകും College Square.

ബിസിനസ്, വാണിജ്യം, താമസം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി College Square കെട്ടിടം വിട്ടുനില്‍കാനാണ് പദ്ധതി. താഴത്തെ പകുതിയോളം നിലകള്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും അധികൃതര്‍ പറയുന്നു.

മുകളിലത്തെ പകുതി നിലകളില്‍ 58 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കും. ഇതില്‍ 48 എണ്ണം സിംഗിള്‍ ബെഡ്‌റൂമും, 10 എണ്ണം ഡബിള്‍ ബെഡ്‌റൂമും സൗകര്യം ഉള്ളവയായിരിക്കും.

ഏറ്റവും മുകളിലെ നിലയില്‍ രണ്ട് ബെഡ്‌റൂം പെന്തൗസും, വിശാലമായ ടെറസും ഉണ്ടാകും.

ഏറ്റവും താഴത്തെ നിലയില്‍ കഫേകള്‍, റസ്റ്ററന്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും. കടകളും ഉണ്ടാകും.

Share this news

Leave a Reply

%d bloggers like this: