ആട് തോമയായി പരിണമിച്ച, കണ്ടത്തിൽ നോബിളിന്റെ കഥ!

അനിൽ ജോസഫ് രാമപുരം

മലയാളത്തിന്‍റെ ലാലേട്ടന് 62-ആം പിറന്നാൾ. പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21 നാണ് അദ്ദേഹത്തിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്തെ ഗവ. മോഡല്‍ ഹൈസ്കൂളിലും പിന്നെ എം.ജി. കോളജിലുമൊക്കെ പഠനം, സ്കൂള്‍തലം മുതൽ അഭിനയത്തിൽ നിരവധി പുരസ്‌കാരങ്ങൾ, കൂട്ടത്തിൽ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇന്‍റര്‍ കൊളിജിയറ്റ് ചാംപ്യന്‍, പിന്നീട് തിരനോട്ടം’ എന്നാ ചിത്രത്തില്‍ മന്ദനായ ഒരു വേലക്കാരന്‍റെ വേഷത്തിലൂടെ മലയാള സിനിമാ ലോകത്തേക്കുള്ള പ്രവേശനം. തുടർന്ന്, തിരശീലയിൽ നിറഞ്ഞാടിയത് നൂറുകണക്കിന് കഥാപാത്രങ്ങൾ, അനേകായിരം ഭാവവിത്യാസങ്ങൾ, നാല് ദേശീയ അവാർഡ് ഉൾപ്പെടെ നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ നേടിയെടുത്താ പുരസ്‌കാരങ്ങൾ നിരവധി. അക്കൂട്ടത്തിൽ ലാലേട്ടൻ എന്നാ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നിർണായക വെല്ലുവിളി നിറഞ്ഞാ വേഷമായിരുന്നു, സ്ഫടികത്തിലെ ആട്‌ തോമ്മായെന്ന, തോമ്മാച്ചായാൻ.

ഗുണമേന്മ കൊണ്ടും, അഭിനയതികവ് കൊണ്ടും മലയാളത്തിലെ എണ്ണം പറഞ്ഞാ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. വർഷങ്ങൾ പലകുറി കഴിഞ്ഞിട്ടും, ഇപ്പോഴും ആട് തോമയെന്ന തോമ്മാച്ചയാനെ മലയാളി നെഞ്ചിലേറ്റുന്നത് ആ കഥാപാത്രത്തിന്റെ സംഭവബഹുലമായ ജീവിതവും, അതിൽ വന്ന് പോയാ മറ്റ് കഥാപാത്രങ്ങളുടെ അഭിനയമികവ് എന്നത് കൊണ്ട് മാത്രമാണ്. എന്നാൽ, യഥാർത്ഥ ജീവിതത്തിലെ ആട് തോമയുടെ ജീവിതത്തിന്റെ, വേരുകൾ തേടിപ്പോയൽ നമ്മൾ ചെന്നെത്തുന്നത്, പാലാ മൂന്നിലവിലെ ഒരു ധനിക കുടുംബത്തിന്റെ മുറ്റത്താണ്‌. അവിടെയാണ് വർഷങ്ങൾക്ക് മുൻപ് ആട് തോമയെന്ന കഥാപാത്രമായി പരിണമിച്ചാ കണ്ടത്തിൽ നോബിളിന്‍റെ ജനനം.

അന്നത്തെ കാലത്ത് വലിയ രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രമാണി കുടുംബം. ചെറുപ്പത്തില്‍ ശാന്തസ്വഭാവിയായിരുന്നു നാട്ടുകാരുടെ കഥകളിലെ നോബിള്‍. തോമയെന്ന തോമസ് ചാക്കോയെപ്പോലെ പാഠ്യേതരവിഷയങ്ങളില്‍ മിടുക്കന്‍. എന്നാല്‍ സ്വത്തുണ്ടാക്കുന്ന തിരിക്കിനിടെ അപ്പന്‍ നോബിളിനെ ശ്രദ്ധിക്കാന്‍ മറന്നു. വഴിപിഴച്ച്, സകല അടിതടവുകളും പഠിച്ച്, പനപോലെ അവന്‍ വളര്‍ന്നുപൊങ്ങി. കൂട്ടംതെറ്റിയ കുഞ്ഞാടിനെപോലെ നാടിനെ നടുക്കുന്ന റൗഡിയായി. പിന്നീട്, കൊന്നും കൊലവിളിച്ചുമുള്ള നടപ്പായി. കൂടെ, എന്തിനും പോന്ന ഒരു സംഘവും നിഴലുപോലെ അവന്‍റൊപ്പമുണ്ടായിരുന്നു. നോബിള്‍ വീട്ടിലെത്തിയാല്‍ അപ്പന്‍ പോലും ഭയന്ന് ഇറങ്ങിപ്പോകുമായിരുന്നുവത്രെ. സ്ഫടികത്തിൽ കാണിക്കുന്നത് പോലെ, അന്നത്തെ ഒരു എ.എസ്.യെ, പാലാ പാലത്തിൽ നിന്ന് നോബിൾ തലയിലൂടെ മുണ്ട് ഊരി അടിച്ചു, മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് പാലായിലെ പഴമക്കാർ ഇന്നും ഓർക്കുന്നു.

അക്കാലത്ത്, നോബിള്‍ ഷാപ്പിലെത്തിയാല്‍ മറ്റുള്ള കള്ളുകുടിയന്മാര്‍ പേടിച്ച് സ്ഥലംവിടും. കാശുകൊടുക്കാതെ കുടിക്കും. സ്ഥിരം അടിപിടി. അങ്ങനെ നാട്ടിലെ അബ്കാരി പ്രമുഖന് സ്വസ്ഥമായി ഷാപ്പ് നടത്താന്‍ പറ്റാതായി. അബ്കാരിയുടെ നേതൃത്വത്തിൽ നോബിളിനെ വകവരുത്തുന്നതിനുള്ള ഗൂഢാലോചന തുടങ്ങി. ഒടുവില്‍ അവര്‍ നോബിളിന്‍റെ വലംകൈയും, കൂട്ടാളിയുമായിരുന്നാ, ശിവരാമനെന്നാ ശിവരാമപിള്ളയെ വിലയ്ക്കെടുത്തു.

ഷാപ്പിൽ എത്തിയാൽ, എപ്പോഴും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന നോബിള്‍ ഷാപ്പിലെ ഭിത്തിക്ക് തൊട്ടുമുന്നിലേ എപ്പോഴും ഇരിക്കാറുള്ളു,
അന്ന് പതിവ് പോലെ ഷാപ്പിലിരിക്കുകയായിരുന്നു നോബിള്‍.. പെട്ടെന്ന് കരണ്ടുപോയി.. അപകടം മനസിലാക്കിയ അവന്‍ മേശപ്പുറത്തു കുത്തി വച്ചിരുന്ന കത്തീം വലിച്ചൂരി ചാടിഎഴുന്നേറ്റു, എന്നാല്‍ അടുത്ത സെക്കന്‍ഡില്‍ ഇരുട്ടത്തു നിന്നും ഒരാസിഡ് ബള്‍ബ് പറന്നു വന്നു…അതവന്‍റെ മുഖത്തേക്കാ വന്നു വീണത്, കൂടാതെ ശിവരാമന്‍റെ നേതൃത്വത്തിൽ നേരത്തെ തയ്യാറായി നിന്നിരുന്നാ ആറേഴ് പേരും കൂടെ അവന്റെ മേൽ ചാടി വീണു.. ഉടനെ മേശയുടെ അടിയില്‍ പതുങ്ങിക്കിടന്നാ ഒരുത്തന്‍ അവന്‍റെ കുതികാലിനു വെട്ടി.. ഞരമ്പ് അറ്റുപോയി… പുറകിലേക്ക് മറിഞ്ഞ് വീണ നോബിളിനെ തലങ്ങും വിലങ്ങും വാഴപ്പിണ്ടി വെട്ടി അരിയുമ്പോലെ വെട്ടി അരിഞ്ഞു..മരിക്കുന്നതിനു മുമ്പ് കൂട്ടത്തിലെ പലര്‍ക്കും നോബിളിന്‍റെ കുത്തേറ്റിരുന്നു. കഴുത്തറുത്ത് മാറ്റിയ ശേഷം മാത്രമാണ് നോബിള്‍ മരിച്ചെന്ന് അവര്‍ ഉറപ്പിച്ചത്. കാരണം വെട്ടിയിട്ടാല്‍ തനിയെ മുറിവുകൂടുന്നവനായിരുന്നു നോബിളെന്നായിരുന്നു വിശ്വാസം. എന്തായാലും, പാലായിലെ ഷാപ്പിൽ വെച്ച് നോബിൾ കൊല്ലപ്പെടുമ്പോൾ വെറും
33 വയസായിരുന്നു അവന്റെ പ്രായം.

നോബിളിനെ കുത്തിമലര്‍ത്തിയ ശിവരാമനായിരുന്നു പിന്നീട് നാട്ടിലെ പ്രധാന ഗുണ്ട. ദേഹാസകലം രോമം നിറഞ്ഞ കരടിയേപ്പോലരു ഒരു പിള്ളേച്ചന്‍. ജാമ്യത്തിലിറങ്ങിയ കാലത്ത് നോബിളിന്‍റെ ആള്‍ക്കാര്‍ക്കു നേരെ കവലയില്‍ വച്ച് സ്വന്തം ശരീരത്തിലെ രോമം പറിച്ച് ഊതിപ്പറത്തിയ ശിവരാമനും നാട്ടുകാരുടെ കഥകളിലുണ്ട്. ഇയാള്‍ പിന്നീട് പാലായിലെ മറ്റൊരു ഗുണ്ടയും, നോബിളിന്റെ കൂട്ടുകാരനുമായ ചെല്ലപ്പന്‍റെ കൈകളാല്‍ തീര്‍ന്നു എന്നത് മറ്റൊരു കഥ.

പതിറ്റാണ്ടുകൾ പലതും പോയിമറഞ്ഞു, ഒരു കാലത്ത് കോട്ടയം പാലായിലെ പഴമക്കാരുടെ മനസിൽ ജീവിച്ചിരുന്നാ നോബിളും, ശിവരാമനും, ചെല്ലപ്പനും എല്ലാം കാലത്തിന്റെ തിരശീലയിൽ മറഞ്ഞു, എന്നാൽ നോബിളിൽ നിന്ന്, പ്രചോദനം ഉൾക്കൊണ്ട് ആ നാട്ടുകാരനായ ഭദ്രൻ അണിയിച്ചൊരുക്കിയ ആട് തോമ്മയെന്ന ‘തോമ്മാച്ചയാൻ’ ഇന്നും അഭ്രപാളിയിലെ തിരശീലയിൽ അജയ്യനായി
ജീവിക്കുന്നു !

വാൽക്കഷണം: മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ്, കോട്ടയം ചന്തയിലെ ആ തട്ടിൻപുറത്ത്, 1995-ൽ ആട് തോമ്മായെ തേടിയെത്തി.

Share this news

Leave a Reply

%d bloggers like this: