അയർലൻഡിൽ ലബോറട്ടറി ജീവനക്കാരുടെ സമരം , ആയിരകണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും

ശമ്പളവ്യവസ്ഥകൾക്കെതിരെ പ്രതിഷേധിച്ച് മെഡിക്കൽ ലബോറട്ടറി സയന്റിസ്റ്റ് അസോസിയേഷൻ (MLSA) നടത്തുന്ന സമരം കാരണം ആയിരക്കണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും ഒപ്പം നിരവധി ആശുപത്രി അപ്പോയിന്റ്‌മെന്റുകൾ റദ്ദായേക്കും.

മെയ് 24 നും, 25 നും രാവിലെ 8 മുതൽ രാത്രി 8 വരെ രക്തം, മൂത്രം സാമ്പിളുകളുടെ പരിശോധന , സ്കാനിംഗ്, മറ്റ് പരിശോധനകൾ തുടങ്ങിയ പതിവ് ലബോറട്ടറി സേവനങ്ങൾ ലഭ്യമായേക്കില്ല. അതിനാൽ ആയിരകണക്കിന് രോഗികളുടെ പരിശോധന ഫലങ്ങൾ വൈകും . കഴിഞ്ഞ ബുധനാഴ്ച നടന്ന പണിമുടക്ക് ആരോഗ്യ മേഖലയിൽ ഇത്തരത്തിലുള്ള നിരവധി സേവനങ്ങൾ മുടക്കിയതായി HSE അറിയിച്ചു.

HSE, ആരോഗ്യ വകുപ്പ്, Public Expenditure and Reform വകുപ്പ് എന്നിവരുമായി MLSA നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം. അതിന് ശേഷം എച്ച്എസ്ഇയോ ആരോഗ്യവകുപ്പോ തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് MLSA പ്രസ്താവനയിൽ പറഞ്ഞു.

രോഗികൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ബദൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സേവനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

സമരത്തിന് ശേഷവും കാര്യങ്ങളിൽ ധാരണയായില്ലെങ്കിൽ ,മെയ് 31, ജൂൺ 1, 2 തീയതികളിൽ പ്രതിഷേധങ്ങൾ കടുപ്പിച്ചേക്കാമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

മെഡിക്കൽ സയന്റിസ്റ്റുകൾ സേവനങ്ങൾ മുടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഈ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങളെ എച്ച്എസ്ഇയും ആരോഗ്യ വകുപ്പും അവഗണിക്കുകയാണെന്നും MLSA ചെയർപേഴ്സൺ കെവിൻ ഒ ബോയിൽ പറഞ്ഞു.

ലബോറട്ടറി ജീവനക്കാരുടെ MLSA യിൽ 2,100 അംഗങ്ങളുണ്ട്, ബഹുഭൂരിപക്ഷവും ഈ ആഴ്ച പ്രതിഷേധങ്ങളുടെ ഭാഗമാകും . ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മെച്ചപ്പെട്ട വേതനത്തിനും സാഹചര്യങ്ങൾക്കുമായി ലബോറട്ടറി മേഖലയിലെ യുവ പ്രൊഫഷണലുകൾ ഈ മേഖല വിടുന്നതിലുള്ള ആശങ്കയും MLSA പങ്കുവെച്ചു.

Share this news

Leave a Reply

%d bloggers like this: