അയർലണ്ടിൽ ഇന്നും നാളെയും മെഡിക്കൽ സയന്റിസ്റ് സമരം; ലബോറട്ടറി ടെസ്റ്റുകൾ നടക്കില്ല

അയര്‍ലണ്ടില്‍ മെഡിക്കല്‍ സയന്റിസ്റ്റുകള്‍ നടത്തുന്ന സമരം കാരണം ഇന്നും നാളെയുമായി 30,000-ഓളം അപ്പോയിന്റ്‌മെന്റുകളും, ടെസ്റ്റുകളും ക്യാന്‍സലാകും. ഏറെക്കാലത്തെ ആവശ്യമായ ശമ്പളവ്യവസ്ഥയിലെ പരിഷ്‌കരണം, ജോലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. കഴിഞ്ഞ ബുധനാഴ്ചയും ഇതേ കാര്യങ്ങളുന്നയിച്ച് സമരം നടന്നിരുന്നു.

കഴിഞ്ഞയാഴ്ചത്തെ സമരം ഫലം കാണാഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും സമരം ചെയ്യുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് Medical Laboratory Scientists Association (MLSA) പറയുന്നു.

കുറഞ്ഞ ശമ്പളം കാരണം മേഖലയില്‍ കൃത്യമായ ജോലിനിയമനം നടക്കുന്നില്ലെന്നും, പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും MLSA സെക്രട്ടറി Terry Casey പറഞ്ഞു. HSE-യുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അവരുടെ ഭാഗത്ത് നിന്നും പരിഹാരശ്രമമൊന്നും ഉണ്ടായില്ല. ഇതോടെയാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആശുപത്രികളില്‍ 20% മെഡിക്കല്‍ സയന്റിസ്റ്റ് പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചത്തെ സമരം കാരണം 14,000-ഓളം അപ്പോയിന്റ്‌മെന്റുകളും, ടെസ്റ്റുകളുമാണ് റദ്ദാക്കിയത്. 2,100 MLSA അംഗങ്ങള്‍ അന്ന് സമരത്തില്‍ പങ്കെടുത്തു. രക്തപരിശോധന, മൂത്രപരിശോധന, സ്‌കാനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും സമരം കാരണം നടക്കില്ല.

ഈ സമരത്തിലും പരിഹാരം കണ്ടില്ലെങ്കില്‍ അടുത്തയാഴ്ച മൂന്ന് ദിവസത്തെ സമരം നടത്തുമെന്ന് MLSA വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: