അയർലണ്ടിൽ ലാബ് ജീവനക്കാർ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു; തീരുമാനം ലേബർ കോടതിയുടെ ഇടപെടലിൽ

അയര്‍ലണ്ടിലെ ലാബ് ജീവനക്കാര്‍ ഇന്ന് നടത്താനിരുന്ന സമരം പിന്‍വലിച്ചു. രണ്ട് ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച സമരം ചൊവ്വാഴ്ച നടന്നെങ്കിലും, ലേബര്‍ കോടതി ഇടപെട്ട് ചര്‍ച്ചയ്ക്ക് വിളിച്ചതോടെ ബുധനാഴ്ചത്തെ സമരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അപ്പോയിന്റ്‌മെന്റുകള്‍, ടെസ്റ്റുകള്‍, സ്‌കാനിങ്ങുകള്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചിരുന്നു.

ലേബര്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ Medical Laboratory Scientists Association (MLSA) സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. HSE-യും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു.

രാജ്യത്ത് ആവശ്യത്തിന് ലബോറട്ടറി ജീവനക്കാരെ നിയമിക്കുക, മെച്ചപ്പെട്ട ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മെഡിക്കല്‍ സയന്റിസ്റ്റുകള്‍ സമരം നടത്തിയത്. ഒരാഴ്ച മുമ്പ് സമാന ആവശ്യങ്ങളുന്നയിച്ച് ഒരു ദിവസത്തെ സമരം നടത്തിയെങ്കിലും HSE, യാതൊരു പരിഹാര നീക്കവും നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്തവണ രണ്ട് ദിവസത്തെ സമരം ആഹ്വാനം ചെയ്തത്. ഇതിലും പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച മൂന്ന് ദിവസം സമരം നടത്തുമെന്ന് MLSA പറഞ്ഞിരുന്നു. സമരമല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

സമരം പിന്‍വലിച്ചതോടെ ലാബുകള്‍ ഇന്ന് സാധാരണ പോലെ പ്രവര്‍ത്തിക്കും. MLSA-യും HSE-യും തമ്മിലുള്ള ചര്‍ച്ചയും ഇന്ന് നടക്കും. ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്ന് MLSA ജനറല്‍ സെക്രട്ടറി Terry Casey പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: