അയർലൻഡിലെ സെൻസസ് ആദ്യ വിവരങ്ങൾ പുറത്ത്‌; 50 ലക്ഷം കടന്ന് അയർലൻഡ് ജനസംഖ്യ

അയര്‍ലന്‍ഡ് സെന്‍സസിലെ ആദ്യവിവരങ്ങള്‍ പുറത്ത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്(CSO) പുറത്ത് വിട്ട ഡാറ്റ പ്രകാരം രാജ്യത്തെ ജനസംഖ്യ 1841 ന് ശേഷം ആദ്യമായി 50 ലക്ഷം കടന്നു. 2022 ഏപ്രില്‍ 3 വരെയുള്ള സെന്‍സസ് ഡാറ്റ പ്രകാരം 5,123,536 ആണ് രാജ്യത്തെ ജനസംഖ്യയെന്ന് CSO അറിയിച്ചു. 2016 ലെ മുന്‍ സെന്‍സസ് ഡാറ്റയെ അപേക്ഷിച്ച് 7.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രാജ്യത്തെ ജനസംഖ്യയില്‍ ഉണ്ടായിട്ടുള്ളത്. 4,761,865 ആയിരുന്നു മുന്‍ സെന്‍സസ് പ്രകാരം അയര്‍ലന്‍ഡിലെ ജനസംഖ്യ. 2016 ന് ശേഷം ജനസംഖ്യയില്‍ 361671 പേരുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. ഇതില്‍ 171338 സ്വാഭാവിക വര്‍ദ്ധനവും, 190333 കുടിയേറ്റവുമാണെന്ന് സെന്‍സസിലെ പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.

2016 ന് ശേഷം രാജ്യത്തെ എല്ലാ കൗണ്ടികളിലും ജനസംഖ്യാ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി CSO പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 14.1 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ Longford കൗണ്ടിയും, 12.9 ശതമാനം വര്‍ദ്ധനവുമായി Meath കൗണ്ടിയുമാണ് ജനസംഖ്യാ വര്‍ദ്ധനവില്‍ മുന്നില്‍.

രാജ്യത്തെ സ്ത്രീ ജനസംഖ്യ‍ ‍ 7.7 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട് 2.593 മില്യണായും, പുരുഷ ജനസംഖ്യ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി 2.529 മില്യണായും ഉയര്‍ന്നതായി CSO അറിയിച്ചു. അതേസമയം ഏറ്റവും കൂടുതല്‍ ജനസംഖ്യാ വളര്‍ച്ച(population growth) രേഖപ്പെടുത്തിയത് Leinster കൗണ്ടിയിലാണ്. Longford and Meath, Kildare, Fingal എന്നീ കൗണ്ടികളിലും ശക്തമായ ജനസംഖ്യാ വളര്‍ച്ച രേഖപ്പെടുത്തി. സെന്‍സസിന്റെ പൂര്‍ണ്ണവിവരങ്ങള്‍ 2023 ഏപ്രില്‍ മാസത്തിലാണ് പ്രഖ്യാപിക്കുക.

രാജ്യത്തെ വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ട സെന്‍സസ് വിവരങ്ങളും ഇന്നലെ CSO പുറത്തുവിട്ടു. ഇതുപ്രകാരം 166752 വാസസ്ഥലങ്ങളാണ് അയര്‍ലന്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്നത്. മുന്‍ സെന്‍സസിലെ കണക്കുകളെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2016 ലെ സെന്‍സസില്‍ ഒഴിഞ്ഞുകിടക്കുന്നതായി രേഖപ്പെടുത്തിയ 48000 വാസസ്ഥലങ്ങള്‍ ഇത്തവണയും ഒഴിഞ്ഞു തന്നെ കിടക്കുകായണെന്ന് പ്രാഥമിക സെന്‍സസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം കണക്കില്‍ ഉള്‍പ്പെട്ട വാസസ്ഥലങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഒഴിഞ്ഞ് കിടക്കുന്നവയല്ല എന്ന് CSO വ്യക്തമാക്കി. ഒഴിഞ്ഞു കിടക്കുന്ന 35000 വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളാണ്. 27000 വീടുകളുടെ ഉടമസ്ഥര്‍ മരണപ്പെടുകയും, 23000 വീടുകള്‍ അറ്റകുറ്റപ്പണികള്‍ മൂലം ഒഴിഞ്ഞു കിടക്കുന്നവയാണെന്നും CSO വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: