ഒന്ന് വിറച്ചു, ഒടുവിൽ ജയിച്ചു: അയർലൻഡിനെതിരായ രണ്ടാം ടി-20 യിൽ ഇന്ത്യക്ക് 4 റൺസ് വിജയം , പരമ്പര തൂത്തുവാരി

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് വിജയം. രണ്ട് മത്സരങ്ങളും വിജയിച്ചതോടെ പരമ്പര ഇന്ത്യയുടെ യുവസംഘം 2-0 ന് തൂത്തുവാരി. ഇന്നലെ ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് സംഘം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ദീപക് ഹൂഢയുടെയും, അര്‍ദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി. സാംസണിന്റെയും ബാറ്റിങ് കരുത്തിലായിരുന്നു നേരത്തെ ഇന്ത്യ 225 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തിയത്.

ടോസ് നേടിയ ഇന്ത്യ ഇത്തവണ ബാറ്റിങ് ആയിരുന്നു തിരഞ്ഞെടുത്തത്. ഇന്നിങ്സ് ആരംഭിച്ച് സ്കോര്‍ 13 ല്‍ നില്‍ക്കെ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പകരക്കാരനായി കളത്തിലിറങ്ങിയ ദീപക് ഹൂഢ സഞ്ജുവുമായി ചേര്‍ന്ന് അതിവേഗം ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 57പന്തുകള്‍ നേരിട്ട ദീപക് ഹൂഢ 6 സിക്സറുകളുടെയും, 9 ഫോറുകളടെയും അകമ്പടിയോടെയായിരുന്നു 104 റണ്‍സ് നേടിയത്. 42 പന്തുകളില്‍ നിന്നായി സഞ്ജു 77 റണ്‍സുകളും നേടി. അയര്‍ലന്‍ഡിന് വേണ്ടി Mark Adair മൂന്ന് വിക്കറ്റുകളും, Josh Little, Craig Young എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.

അനായാസ വിജയം പ്രതീക്ഷിച്ചുകൊണ്ട് അയര്‍ലന്‍ഡിനെ മറുപടി ബാറ്റിങ്ങിനയച്ച ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഐറിഷ് പട ബാറ്റിങ് ആരംഭിച്ചത്. നായകന്‍ Andy Balbirnie, Paul Stirling എന്നിവരുള്‍പ്പെടുന്ന ഓപ്പണിങ് കൂട്ട്കെട്ട് 72 റണ്‍സാണ് അയര്‍ലന്‍ഡ് ഇന്നിങ്സില്‍ ചേര്‍ത്തത്. വെറും പതിനെട്ട് പന്തുകളില്‍ നിന്നും Paul Stirling 40 റണ്‍സുകളും, 37 പന്തുകള്‍ നേരിട്ട നായകന്‍ Andy Balbirnie 60 റണ്‍സുകളും നേടി. Stirling ന് പകരക്കാരനായെത്തിയ Gareth Delany റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ പിന്നീട് കളത്തിലിറങ്ങിയ Harry Tector 39 റണ്‍സുകള്‍ നേടി. George Dockrell(34), Nark Adair(23) എന്നിവരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഒരു ഘട്ടത്തില്‍ ഇന്ത്യക്കെതിരെ അയര്‍ലന്‍ഡ് അട്ടിമറി വിജയം നേടുമോ എന്ന സംശയമുണ്ടായെങ്കിലും, അവസാന പന്തുവരെ ആവേശം നിലനിന്ന മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പര്‍ സഞ്ജു…

നായകന്‍ ഹാര്‍ദിക് പാണ്ഢ്യ ടീം ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ പേര് പറഞ്ഞുയുടന്‍ തന്നെ സ്റ്റേഡിയത്തില്‍ ആവേശം അണപൊട്ടിയിരുന്നു. കളിക്കളത്തില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ സഞ്ജുവിന്റെ പ്രകടനം കാണാന്‍ മലയാളികള്‍ അടക്കമുള്ള ആരാധകര്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ ഓപ്പണര്‍ ഋതുരാജ് ഗെയ്‍ക് വാദിന് കാലിന് പരിക്ക് പറ്റിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണിങ് ചെയ്യാന്‍ സഞ്ജുവിന് അവസരം ലഭിച്ചത്. ലഭിച്ച അവസരം പാഴാക്കാതെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണാവാന്‍ സഞ്ജുവിന് കഴിഞ്ഞു. 42 പന്തുകള്‍ നേരിട്ട താരം 4 സിക്സറുകളുടെയും, 9 ഫോറുകളുടെയും അകമ്പടിയോടെയാണ് 77 റണ്‍സിലേക്കെത്തിയത്. താരത്തിന്റെ അന്താരാഷ്ട്ര ടി-20 യിലെ ആദ്യ അര്‍ദ്ധശതകമാണ് ഇത്.

അന്താരാഷ്ട്ര വേദികളില്‍ തിളങ്ങാന്‍ കഴിയില്ലെന്ന വിമര്‍ശനമുയര്‍ത്തുന്നവരുടെ വായടപ്പിക്കാന്‍ തന്റെ മികച്ച പ്രകടനത്തിലൂടെ സഞ്ജുവിന് കഴിഞ്ഞു. വരാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു സഞ്ജു ഇന്നലെ കാഴ്ചവച്ചത്.

ആരാധകര്‍ ആഗ്രഹിച്ചതെല്ലാം നടന്ന ഒരു മികച്ച മത്സരമായിരുന്നു ഇന്നലെ ‍ഡബ്ലിനില്‍ നടന്നത്. ആദ്യമത്സരം പോലെ മഴ രസം കൊല്ലിയായി എത്തിയതുമില്ല. മലയാളികള്‍ ആഗ്രഹിച്ചതു പോലെ സഞ്ജുവിന് അവസരം ലഭിക്കുകയും, കളം നിറഞ്ഞാടുകയും ചെയ്തു. ഇരുടീമുകളുടെയും മികച്ച ബാറ്റിങ് പ്രകടനവും കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. ഈ പരമ്പര നല്‍കിയ ആവേശം മനസ്സില്‍ സൂക്ഷിച്ച് കൊണ്ട് അടുത്ത ഒരു ക്രിക്കറ്റ് മാമാങ്കത്തിനായി അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ കാത്തിരിക്കും.

comments

Share this news

Leave a Reply

%d bloggers like this: