ശൈത്യകാലത്തെ ഗ്യാസ് ഉപയോഗം 15 ശതമാനം കുറയ്ക്കാൻ അംഗരാജ്യങ്ങളോട് നിർദ്ദേശിക്കാനൊരുങ്ങി ഇ.യു; റഷ്യൻ ഭീഷണി ചെറുക്കുക ലക്ഷ്യം

ശൈത്യകാലത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഗ്യാസ് ഉപയോഗം 15 ശതമാനം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങി ഇ.യു. യൂറോപ്യന്‍ കമ്മീഷനാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഗ്യാസ് സപ്ലൈ കുറയ്ക്കുമെന്നുെള്ള റഷ്യയുടെ ഭീഷണിയെ ചെറുക്കുക എന്നതാണ് ഈയൊരു നീക്കത്തിലൂടെ യൂറോപ്യന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

റഷ്യ ഗ്യാസിന്റെ പേരില്‍ യൂറോപ്പിനെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും, ഗ്യാസിനെ യൂറോപ്പിനെതിരായുള്ള ആയുധമായി റഷ്യ ഉപയോഗിക്കുന്നതായും ഇ.യു കമ്മീഷന്‍ പ്രസിഡന്റ് Ursula von der Leyen പറഞ്ഞു. ഭാഗികമായോ, പൂര്‍ണ്ണമായോ റഷ്യ ഗ്യാസ് സപ്ലൈ നിര്‍ത്തിവയ്ക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ അംഗരാജ്യങ്ങള്‍ സജ്ജരാകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷം ആഗസ്ത് മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഗ്യാസ് ഉപയോഗം കുറയ്ക്കാനായി ഇ.യു നിര്‍ദ്ദേശിക്കുക. ഈ നിര്‍ദ്ദേശം വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ വച്ച് ചര്‍ച്ച ചെയ്യുകയും, തുടര്‍ന്ന് ജൂലൈ 26 ന് നടക്കുന്ന ഊര്‍ജ്ജമന്ത്രിമാരുടെ യോഗത്തില്‍ വച്ച് ഇതിന് അന്തിമ അംഗീകാരം നല്‍കുകയും ചെയ്യും.

അതേസമയം ഗ്യാസ് ഉപയോഗം കുറയ്ക്കാനുള്ള ഇ.യു കമ്മീഷന്‍ നിര്‍ദ്ദേശത്തെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടില്‍ സ്വാഗതം ചെയ്തു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ നിന്നുള്ള ഗ്യാസിനെ ഏറ്റവും കുറവ് ആശ്രയിക്കുന്ന രാജ്യമാണ് അയര്‍‍ലന്‍ഡ്. എന്നാല്‍ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തില്‍ കുറവ് വന്നാല്‍ അത് അയര്‍ലന്‍ഡ് മാര്‍ക്കറ്റിലെ ഗ്യാസ് വിലയെയും ബാധിക്കും. അതുകൊണ്ടുതന്നെ ശൈത്യകാലത്ത് ഗ്യാസ് ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: