ഇലക്ട്രിക് അയർലൻഡ് വെദ്യുതി- ഗ്യാസ് വില വർദ്ധനവ് പ്രാബല്യത്തിൽ

വൈദ്യതി-ഗ്യാസ് വിലയില്‍ ഇലക്ട്രിക് അയര്‍ലന്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ദ്ധനവ് ആഗസ്ത് 1 മുതല്‍ പ്രാബല്യത്തില്‍. മുന്‍പത്തെ നിരക്കിനെ അപേക്ഷിച്ച് റെസിഡന്‍ഷ്യല്‍ ഗ്യാസ് ബില്ലുകളിലെ യൂണിറ്റ് പ്രൈസില്‍ 29.2 ശതമാനത്തിന്റെയും, റെസിഡന്‍ഷ്യല്‍ വൈദ്യുതി ബില്ലുകളില്‍ യൂണിറ്റ് പ്രൈസില്‍ 10.9 ശതമാനത്തിന്റെയും വര്‍ദ്ധനവാണ് ഇനി മുതല്‍ ഉണ്ടാവുക. പ്രതിമാസം വൈദ്യുതി ബില്ലുകളില്‍ ശരാശരി 13.71 യൂറോയുടെയും, ഗ്യാസ് ബില്ലുകളില്‍ ശരാശരി 25.96 യൂറോയുടെയും വര്‍ദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിലവര്‍ദ്ധനവ് അയര്‍ലന്‍ഡിലെ 1.1 മില്യണോളം വൈദ്യുതി ഉപഭോക്താക്കളെയും, രണ്ട് ലക്ഷത്തോളം ഗ്യാസ് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുമെന്ന് പ്രൈസ് കമ്പാരിസണ്‍ വൈബ്സൈറ്റായ Bonkers.ie കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി Daragh Cassidy പറഞ്ഞു. ഓരോ ഉപഭോക്താവിനും പ്രതിവര്‍ഷം ശരാശരി 300 യൂറോയോളം അധിക ചിലവാണ് ഇതുവഴി ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഊര്‍ജ്ജവിതരണ കമ്പനികളും വലിയ രീതിയിലാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഗ്യാസിനും, വൈദ്യുതിക്കും കൂടിയ വില നല്‍കേണ്ടി വരുന്ന ഒരു ശൈത്യകാലമാണ് അയര്‍ലന്‍ഡിനെ കാത്തിരിക്കുന്നതെന്നും Cassidy പറഞ്ഞു. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ 35 ഓളം തവണയാണ് വിവിധ ഘട്ടങ്ങളിലായി വില വര്‍ദ്ധിപ്പിച്ചത്. ഈ പ്രവണത Bord Gáis Energy, Energia,PrePayPowers, ഇലക്ട്രിക് അയര്‍ലന്‍ഡ് തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷവും തുടരുകയാണ്.

അതേസമയം പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ തീരുവയില്‍ കുറവ് വരുത്തിയത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്തേക്കുമെന്നും Cassidy പറഞ്ഞു. ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ ഓരോ വീടുകളിലും ഈ വര്‍ഷം മുതല്‍ തുടങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Share this news

Leave a Reply

%d bloggers like this: