കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ . T J ജോസഫിനെ അയർലൻഡ് മലയാളി സമൂഹം ആദരിച്ചു

2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രൊഫ. ടി. ജെ ജോസഫിനെ അയർലൻഡിലെ മലയാളിസമൂഹം ആദരിച്ചു. ആത്മകഥാ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകം അവാർഡിനർഹമായത്. ആഗസ്റ്റ് ഏഴാം തിയതി ഞായറാഴ്ച ഡബ്ലിനിലെ ലൂക്കൻ സെന്ററിൽ വച്ച് നടന്ന സ്വീകരണ പരിപാടിയിലാണ് അയർലൻഡ് മലയാളി സമൂഹം അനുമോദനങ്ങൾ അറിയിക്കാൻ ഒത്തുകൂടിയത്. ഐറിഷ് മലയാളി സമൂഹത്തിന്റെ പരിച്ഛേദമെന്നോണം അയർലണ്ടിലെ വിവിധ മലയാളി കൂട്ടായ്മകളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടി വിശാലമായ ചർച്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്.

തന്റെ രക്തരൂക്ഷിതമായ ജീവിതാനുഭവങ്ങളെ, നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിട്ടുള്ള, “അറ്റുപോകാത്ത ഓർമ്മകൾ”, അനിർവചനീയമായ വായനാനുഭൂതിയാണ് നൽകുന്നതെന്നും അത് എക്കാലത്തെയും മികച്ചൊരു ജീവചരിത്ര സാഹിത്യ സൃഷ്ടിയായി എണ്ണപ്പെടുമെന്നും അധ്യക്ഷപ്രസംഗത്തിൽ സംഘാടകരായ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ ജോർജ്ജ് പാലിശ്ശേരി പ്രത്യാശിച്ചു.

ഭരണകൂട ഭീകരതയും മതനിന്ദയും മുതലാക്കി കേരളജനത ജോസഫ് മാഷിനോട് കാണിച്ച ക്രൂരതയ്ക്ക് ഒരു സാഹിത്യ അക്കാദമി അവാർഡ് വച്ചുനീട്ടി മാപ്പു പറയുവാൻ ശ്രമിക്കുകയാണോയെന്നു പ്രവാസിമലയാളിയും എഴുത്തുകാരിയുമായ ശ്രീമതി അശ്വതി പ്ലാക്കൽ സംശയം പ്രകടിപ്പിച്ചപ്പോൾ നമ്പി നാരായണനെപ്പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിനു ഇരയാക്കപ്പെട്ടയാളാണ് ജോസഫ് മാഷെന്നു ക്രാന്തിയുടെ പ്രതിനിധിയായ ശ്രീ മനോജ് മനാത്ത്‌ അഭിപ്രായപ്പെട്ടു.

മതേതരത്വത്തിന് പേരുകേട്ട കേരളം ഇപ്പോൾ കേവലം അധികാരത്തിനുവേണ്ടി വർഗീയശക്തികൾക്ക് അടിമപ്പെടുത്തിയിരിക്കുകയാണ്. അധികാരത്തോടുള്ള ആർത്തിയാണ് നമ്മുടെ നാടിനെ കലാപ ഭൂമിയാക്കി മാറ്റുന്നത്. വിദ്യാസമ്പന്നരായ മലയാളികൾ അത് തിരിച്ചറിയണം. പത്തു മനുഷ്യജന്മം അനുഭവിച്ചാലും തീരാത്ത പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അനുഭവിച്ച ജോസഫ് മാഷിന് ഒരു കേരള സാഹിത്യ അക്കാദമി അവാർഡ് കൊണ്ട് അദ്ദേഹത്തിന് നഷ്ടമായത് എല്ലാം തിരിച്ചു നൽകാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും, ഇനിയെങ്കിലും കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ മതപ്രീണനം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ദ്രോഗെഡ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച ശ്രീ എമി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആക്രോശിക്കുന്ന ജനത്തെ തൃപ്തിപ്പെടുത്താൻ നിരപരാധികൾ കുറ്റക്കാരായി വിധിക്കപ്പെട്ട സംഭവങ്ങൾ ചരിത്രത്തിലുണ്ട്. ക്രിസ്തുവിന്റെ കുരിശുമരണം പോലെ ജോസഫ് മാഷും സമൂഹത്തിന്റെ ആക്രോശത്താൽ കുറ്റവാളിയാക്കപ്പെട്ട ഒരാളാണ് എന്നു മാധ്യമ പ്രവർത്തകനായ ശ്രീ. അനിഷ്‌ ജോയ് അഭിപ്രായപ്പെട്ടു.

ഏതൊരു സാഹിത്യസൃഷ്ടിയുടെയും പ്രഥമമായ ലക്ഷ്യം സമൂഹത്തെ നിലനിൽക്കുന്ന തെറ്റുകളിൽ നിന്നും ശരികളിലേക്ക് നയിക്കലാണ്. ആ തലത്തിൽ ചിന്തിച്ചാൽ ഈ കൃതിയും ജോസഫ്മാഷും അവാർഡിന് എന്തുകൊണ്ടും അർഹനാണെന്നും , വിരഹം സസ്പെൻസ് പ്രണയം ദുഃഖം തുടങ്ങിയ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന സ്വന്തം ജീവിതത്തിൻറെ തന്നെ ഒരു സസ്പെൻസ് ത്രില്ലർ ആണ് ഈ സൃഷ്ടിയെന്നും എസ്സെൻസ് ഗ്ലോബൽ അയർലൻഡ് പ്രതിനിധി ശ്രീ ടോമി സെബാസ്റ്റ്യൻ പറഞ്ഞു. സഹിത്യപരമായി വ്യത്യസ്തമായ ഒരു തലത്തിൽ നിന്നുകൊണ്ടുള്ള രചനശൈലിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയർലണ്ടിൽ വിവിധ ലക്ഷ്യങ്ങളോടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ പൊതുനന്മയ്ക്കായി ഒരുമിച്ചു നിൽക്കാറുണ്ട്. അതിന്റെ ഒരു പ്രതിഫലനമാണ് ഇപ്പോൾ ജോസഫ് മാഷിന് നൽകുന്ന സംയുക്ത സ്വീകരണവും ആദരവുമെന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു ലിങ്ക്വിൻസ്റ്റാർ അഭിപ്രായപ്പെട്ടു.

ഇവരെക്കൂടാതെ വിവിധ സംഘടന പ്രതിനിധികളായ ജോജി എബ്രഹാം(മലയാളം സംഘടന), രാജു കുന്നക്കാട്ടു (ഡബ്ളിയു.എം.സി അയർലൻഡ്), റോയ് കുഞ്ചലക്കാട്ടു (കേരള ഹൌസ്, ഡബ്ലിൻ) റോയ് പേരയിൽ( ലുക്കൻ മലയാളി ക്ലബ്ബ്),സിജു ജോസ്(MIND) എന്നിവരും ആശംസകളർപ്പിച്ചു സംസാരിക്കുകയും ,മാഷിനെ പൊന്നാട അണിയിക്കുകയും ചെയ്തു.

മറുപടി പ്രസംഗത്തിൽ, തന്റെ പുസ്തകം ഹൃദയത്തോട് ചേർത്ത് പിടിച്ച, അതിനെ അവാർഡിനാർഹമാക്കിയ എല്ലാ നല്ല വായനക്കാരോടും അവാർഡ് കമ്മിറ്റിയോടും ഉള്ള നന്ദിയും സ്നേഹവും പ്രൊഫ. ടിജെ ജോസഫ് അറിയിച്ചു. ഇങ്ങനെ തന്റെ ജീവചരിത്രം താൻ തന്നെ എഴുതുവാൻ തീരുമാനിച്ചത്, യാതൊരു പൊടിപ്പും തൊങ്ങലും ഇല്ലാതെ, യാഥാർഥ്യത്തോട് നീതി പുലർത്തുന്നതിനു വേണ്ടി കൂടിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ആദ്യം വലതു കൈ കൊണ്ടും പിന്നീട് ഇടതു കൈകൊണ്ടും സാഹിത്യ രചന നിർവഹിക്കേണ്ടി വന്നിട്ടുള്ള മറ്റാരും തന്നെ ഉണ്ടാകാനിടയില്ലെന്നും തന്റെ അനുഭവം പങ്കുവച്ചുകൊണ്ടു‌ അദ്ദേഹം പറഞ്ഞു.
ഫലത്തിൽ നല്ലൊരു സാഹിത്യ രചനയെ കുറിച്ചുള്ള അനുഭൂതി നിറഞ്ഞ പഠന വേദികൂടിയായി മാറി, മാഷിന്റെ മറുപടി പ്രസംഗം.

ജോസഫ് സാറിന്റെ വിഷമഘട്ടത്തിൽ സാറിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും ഉയിർത്തെഴുന്നേല്പിന്നു തുല്യമായ തിരിച്ചുവരവ് സാധ്യമാക്കുകയും ചെയ്ത സ്വദേശികളും പ്രവാസികളുമായ നന്മയുള്ള മനുഷ്യരെ നന്ദിയോടെ സ്മരിക്കുകയാണെന്നു നന്ദി പ്രസംഗത്തിൽ SMCI കോർഡിനേറ്റർ ശ്രീ. ജോസൻ ജോസഫ് പറഞ്ഞു. സീറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ ട്രെഷറർ ശ്രീ.
ലൈജു ജോസ് സ്വാഗതം ആശംസിച്ചു. സീറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ്(SMCI)ക്ക് വേണ്ടി PRO ശ്രീ. സന്തോഷ് ആശംസകൾ അർപ്പിക്കുകയും, ശ്രീ സാജു ചിറയത്തു ജോസഫ് മാഷിനെ പൊന്നാട അണിയിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: