അയർലൻഡിൽ പാലുൽപ്പന്നങ്ങളുടെ വില കുതിച്ചത് റോക്കറ്റ് സ്പീഡിൽ,ബജറ്റിന് മുൻപ് വില വർധനവിന്റെ കണക്കുകളുമായി CSO

അയർലൻഡിൽ ഒരുവർഷത്തിനിടെ പാലുൽപ്പന്നങ്ങളുടെ വില ഏകദേശം 53 ശതമാനം വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട കണക്കുകൾ. രാജ്യത്ത് ബജറ്റ് അവതരണം പടിവാതിലിൽ എത്തി നിൽക്കുമ്പോൾ CSO പുറത്തുവിട്ട വസ്തുക്കളുടെ വില വർധന കണക്കുകൾ സർക്കാരിന് തലവേദനയാകുമെന്ന് ഉറപ്പ്. ഉയരുന്ന ജീവിത ചിലവ് കുറയ്ക്കാൻ പരിഹാരം വേണമെന്ന ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ ആവശ്യം പരിഗണിച്ച് ബജറ്റിൽ ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ കണക്കുകൾ ജീവിത ചെലവ് കുറയ്ക്കാനുള്ള സർക്കാരിന്റെ നടപടികൾക്ക് ഒരേസമയം വെളിച്ചമാകാനും ബാധ്യതയാവാനും സാധ്യതയുണ്ട്.

ഉക്രൈൻ യുദ്ധപശ്ചാത്തലവും കോവിഡ് മഹാമാരിയും സൃഷ്‌ടിച്ച പണപ്പെരുപ്പം മൂലം അയർലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. റഷ്യ യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണം വെട്ടികുറച്ചപ്പോൾ അയർലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ പെട്രോൾ ,ഗ്യാസ് ഉത്പന്നങ്ങളുടെ വില ഉയരുകയും തൽഫലമായി വസ്തുക്കളുടെ ഉല്പാദന,വിതരണ ശൃംഖലയിൽ ചെലവേറുകയും ചെയ്തു.

മിക്ക ഭക്ഷ്യ ഉൽപന്നങ്ങൾക്കും വില ഉയർന്നപ്പോൾ പാലുൽപ്പന്നങ്ങൾക്കാണ് (52.9%) ഏറ്റവുമധികം വിലക്കയറ്റമുണ്ടായത്. മത്സ്യ ഉൽപന്നങ്ങൾക്ക് വില 19.7 ശതമാനവും ഉയർന്നു. ധാന്യങ്ങൾ,starches , വളർത്തു മൃഗങ്ങളുടെ തീറ്റ എന്നിവ 14.2 ശതമാനവും മാംസ ഉൽപന്നങ്ങളുടെ വില 13.2 ശതമാനവും വർദ്ധിച്ചു.

ഗ്യാസ് ഉല്പന്നങ്ങൾക്ക് വിലവർധിച്ചത് വൈദ്യുതി വില കുത്തനെ കൂടാനിടയായി അയർലൻഡിൽ ഒരു വർഷ കാലയളവിൽ 86.3 ശതമാനം വൈദ്യുതി വില വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഫർണിച്ചർ മുതലായ തടി ഉൽപന്നങ്ങളുടെ വില 36.6 ശതമാനം വർധിച്ചു, സാധാരണ ലോഹങ്ങളുടെ വില 27.9 ശതമാനം വർധിച്ചു, ഗ്ലാസ്, സെറാമിക്‌സ്, സിമൻറ്, കോൺക്രീറ്റ്, കല്ല് തുടങ്ങിയ മറ്റ് ലോഹേതര ധാതു ഉൽപന്നങ്ങൾളുടെ വില വാർഷികാടിസ്ഥാനത്തിൽ 22.3 ശതമാനം വർധന രേഖപ്പെടുത്തി. നിർമാണ മേഖലയിലേക്ക് ആവശ്യമായ ഉൽപന്നങ്ങളുടെ മൊത്തവില ഈ മാസം 3.8 ശതമാനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 20.6 ശതമാനവും ഉയർന്നു.

Share this news

Leave a Reply

%d bloggers like this: