“ദൃശ്യം – 3 വരും” ; ഉറപ്പ് നൽകി ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമാ സീരീസുകളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന് എന്തായാലും ഒരു മൂന്നാം ഭാഗം ഉണ്ടാവും എന്നാണ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മഴവില്‍ മനോരമയുടെ മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് വേദിയില്‍ വച്ച് നടന്‍ രമേഷ് പിഷാരടിയുടെയും, ടൊവിനോ തോമസിന്റേയും ചോദ്യത്തിന് മറുപടിയായാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം സംബന്ധിച്ച ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം.

ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ആദ്യഭാഗത്തിനും, ആമസോണിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിയ രണ്ടാം ഭാഗത്തിനും ശേഷം മൂന്നാം ഭാഗം വേണമെന്ന ആവശ്യം മോഹന്‍ലാല്‍ ആരാധകരും, സിനിമാസ്നേഹികളും നിരന്തരം ഉന്നയിച്ചിരുന്നു. നല്ല കഥ ഉണ്ടയാല്‍ മാത്രം മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുമെന്നായിരുന്നു സംവിധായകന്‍ ജീത്തു ജോസഫ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ദൃശ്യം 3 ന്റെ ക്ലൈമാക്സ് എന്തായാലും തന്റെ മനസ്സിലുണ്ടെന്നും ജീത്തു ജോസഫ് ഒരിക്കല്‍ പറഞ്ഞിരുന്നു.

ഏതായാലും ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാവ് തന്നെ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ വിദേശത്താണുള്ളത്.

Share this news

Leave a Reply

%d bloggers like this: