“അടി.. തിരിച്ചടി.. ഒടുവിൽ വിജയം ഓസീസിന്” ; ഇന്ത്യക്കെതിരായ ആദ്യ ടി- ട്വൻറിയിൽ ആസ്‌ത്രേലിയയ്ക്ക് നാല് വിക്കറ്റ് വിജയം

ആസ്ത്രലിയയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് പരാജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആസ്ത്രേലിയ മറികടക്കുകയായിരുന്നു. ഓസീസ് താരങ്ങളായ മാത്യ വേഡ്, കാമറണ്‍ ഗ്രീന്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഉയര്‍ത്തിയ 208 എന്ന സ്കോര്‍ ആസ്ത്രേലിയ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ കെ.എല്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ നിരാശപ്പെടുത്തി. 35 പന്തുകള്‍ നേരിട്ട രാഹുല്‍ 55 റണ്‍സുകളാണ് നേടിയത്. രോഹിത് ശര്‍മ 11 റണ്‍സുകളും, വിരാട് കോലി 2 റണ്‍സുമെടുത്ത് പുറത്തായി. പിന്നീട് കളത്തിലിറങ്ങിയ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം കാഴ്ചവച്ചു. 25 പന്തുകളില്‍ നിന്നും 46 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. അവസാന ഓവറുകളില്‍ ആളിക്കത്തിയ പാണ്ഢ്യ വെറും 30 പന്തുകളില്‍ നിന്നും 71 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് താഴ്ത്തി. യുവതാരം കാമറണ്‍ ഗ്രീന്‍(61), സ്റ്റീവ് സ്മിത്ത്(35) എന്നിവര്‍ ചേര്‍ന്ന് ഓസീസ് സ്കോര്‍ അനായാസം ഉയര്‍ത്തി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും അന്തിമ ഓവറുകളില്‍ മാത്യു വേഡ് നടത്തിയ മിന്നല്‍ ബാറ്റിങ് പ്രകടനം ഇന്ത്യന്‍ പ്രതീക്ഷകളെ തച്ചുടച്ചു. വെറും 21 പന്തുകളില്‍ നിന്നും 45 റണ്‍സാണ് വേഡ് നേടിയത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ദയനീയ പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തിലും കണ്ടത്. ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍ മാത്രമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറുകള്‍ എറിഞ്ഞ അക്സര്‍ പട്ടേല്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ നേടി.

ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്ത്രേലിയ 1-0ന് മുന്നിലാണ് . വെള്ളിയാഴ്ച നാഗ്പൂരിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.

comments

Share this news

Leave a Reply

%d bloggers like this: