യുദ്ധം കടുപ്പിക്കും,ഭീഷണിയുമായി പുടിൻ ; യുവാക്കളെ കൊലയ്ക്ക് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് മീഹോൾ മാർട്ടിൻ

പാശ്ചാത്യരാജ്യങ്ങള്‍ക്കും, ഉക്രൈനുമുള്ള ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിന്‍. രാജ്യത്ത് ഭാഗിക നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കുമെന്നും, മൂന്ന് ലക്ഷത്തോളം റിസര്‍വ് സൈനികരെ യുദ്ധത്തില്‍ അണിനിരത്തുമെന്നും പ്രഖ്യാപിച്ച പുടിന്‍ രാജ്യത്തിന്റെ അഖണ്ഢത സംരക്ഷിക്കാന്‍ ഏത് തരം ആയുധവും ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ടെലിവിഷന്‍ വഴി റഷ്യയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മിലിട്ടറി മൊബിലൈസേഷനായി റഷ്യ ഉത്തരവിടുന്നത്. നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്താനുള്ള പ്രതിരോധമന്ത്രാലയത്തിന്റെയും, ജനറല്‍ സ്റ്റാഫിന്റെയും നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ കരുതുന്നതായി പുടിന്‍ പറഞ്ഞു. മിലിട്ടറി റിസര്‍വ്വിലുള്ളവരേയും, സൈനിക പരിശീലനം ലഭിച്ചവരെയുമാണ് നിര്‍ബന്ധിത സേവനത്തിനായി പരിഗണിക്കുകയെന്നും, വിദ്യാര്‍ഥികളെ ഒഴിവാക്കുമെന്നും പ്രതിരോധമന്ത്രി Sergei Shoigu പറഞ്ഞു.

രാജ്യത്തിന്റെ പ്രദേശങ്ങളെ കാക്കാന്‍ ആണവായുധം ഉപയോഗിക്കാനും താന്‍ മടിക്കില്ലെന്ന് പുടിന്‍ പ്രഖ്യാപിച്ചു. താന്‍ പറയുന്നത് വിഢ്ഢിത്തമാണെന്നു കരുതരുതെന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍ മുന്നറിയിപ്പ് നല്‍കി. ആണവായുധങ്ങള്‍ കാണിച്ച്തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ കാറ്റ് അവര്‍ക്ക് നേരെയും വീശുമെന്ന് തിരിച്ചറിയണമെന്നും പുടിന്‍ പറഞ്ഞു.

പുടിന്റെ പ്രസ്താവനകള്‍ വലിയ ആശങ്കയുളവാക്കുന്നതായി അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. യുദ്ധം മൂലം യുവാക്കള്‍ അനാവശ്യമായി കൊല്ലപ്പെടുകയാണ്, ഇപ്പോള്‍ കുടുതല്‍ യുവാക്കളെ യുദ്ധമുഖത്തേക്ക് റഷ്യ കൊണ്ടുവരുന്നു, റഷ്യന്‍ പ്രസിഡന്റിന്റെ ഈ തീരുമാനവും, പ്രസംഗവും ആശങ്കയുളവാക്കുന്നു-മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

യൂറോപ്പും, പാശ്ചാത്യരാജ്യങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉക്രൈന്റെ പരമാധികാരത്തെയും, ഒരു രാജ്യമെന്ന നിലയില്‍ അവരുടെ ഭാവിയെയും പിന്തുണയ്ക്കണമെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അയര്‍ലന്‍ഡിലുള്ള ഉക്രൈന്‍ അഭയാര്‍ഥികള്‍ക്കുള്ള പിന്തുണ തുടരുമെന്നും, യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഉക്രൈന്റെ അപേക്ഷയെയും അയര്‍ലന്‍ഡ് തുടര്‍ന്നു പിന്തുണയ്ക്കുമെന്നും അയര്‍ലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.

comments

Share this news

Leave a Reply

%d bloggers like this: