ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന്; ഇന്ത്യക്ക് ഇത് ജീവൻമരണ പോരാട്ടം ; ബുംറ കളിച്ചേക്കും

ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ത്യ തോറ്റതിനാൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് നിർണായകമാകും. അതേസമയം ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്ന് കളിച്ചേക്കും.

ഇന്ത്യൻ സമയം വൈകിട്ട് 7 ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുന്നത് പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും.

കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും പ്രകടനം നടത്തുന്നത് ക്യാപ്റ്റനും കോച്ചിനും ആശ്വാസം നൽകുന്നുണ്ട്. ഡെത്ത് ഓവറുകളിലെ മോശപ്പെട്ട ബൗളിംഗ് പ്രകടനവും കൈവിട്ട ക്യാച്ചുകളും ആണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബുംറ എത്തുന്നതോടെ ഇതിന് പരിഹാരമാകും എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. അതേസമയം കങ്കാരുപ്പട അപരാജിത ലീഡ് നേടാനും ടി20 പരമ്പര സ്വന്തമാക്കാനും വേണ്ടി കനത്ത പോരാട്ടം കാഴ്ചവയ്ക്കും.

കഴിഞ്ഞ മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് സ്കോർ ചെയ്തത് നാനൂറിലേറെ റൺസാണ് , ഇതിൽ നിന്നും വ്യത്യസ്തമായി ബൗളർമാരെ സഹായിക്കുന്ന പിച്ചാണ് നാഗ്പൂരിലേത് , പ്രത്യേകിച്ച് ആദ്യ ഇന്നിംഗ്‌സിൽ ബൗളർമാർക്ക് നിർണായക പങ്ക് വഹിക്കാം. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ടോസിനെ സംബന്ധിച്ചിടത്തോളം ആദ്യം ബാറ്റ് ചെയ്യാൻ അനുകൂലമായ പിച്ചാണ്. ടോസ് നേടുന്ന ടീമിന് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാകുമെന്നാണ് വിദഗ്‌ദ്ധരുടെ അനുമാനം

നാഗ്പൂരിൽ ഇന്ന് നടക്കുന്ന മത്സരത്തിന് മഴ ഭീഷണി ആയേക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകളുണ്ട് . . ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കളി നടക്കാതെ ഇരുന്നാലോ ഫലം ഉണ്ടാവാതെ ഇരുന്നാലോ പരമ്പര വിജയമെന്ന ഇന്ത്യയുടെ മോഹം പൊലിയും.
.

Share this news

Leave a Reply

%d bloggers like this: