ഓസീസിന് ഇന്ത്യയുടെ വക ‘എട്ടിന്റെ പണി’ ; എട്ടോവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം

ആസ്ത്രേലിയയ്ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. മഴമൂലം എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 91 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഇന്ത്യ 7.2 ഓവറില്‍ മറികടന്നു.

മഴമൂലം ഏറെ വൈകിയായിരുന്നു നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ മത്സരം ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആസ്ത്രേലിയ 90 റണ്‍സ് നേടി. നായകന്‍ ആരണ്‍ ഫിഞ്ച് 15 പന്തുകളില്‍ നിന്നും 31 റണ്‍സ് നേടിയപ്പോള്‍, 20 പന്തുകളില്‍ നിന്നും 43 റണ്‍സ് നേടി മാത്യു വേഡ് ഈ മത്സരത്തിലും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സില്‍ നിര്‍ണ്ണായകമായത് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനമാണ്. 20 പന്തുകളില്‍ നിന്നും 46 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണര്‍ കെ.എല്‍ രാഹുല്‍(10), വിരാട് കോലി(11), സൂര്യകുമാര്‍ യാദവ്(0), ഹാര്‍ദിക് പാണ്ഢ്യ(9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണമെന്നിരിക്കെ നേരിട്ട ആദ്യ രണ്ടു പന്തുകളും ബൌണ്ടറി കടത്തിക്കൊണ്ട് ദിനേഷ് കാര്‍ത്തിക്കാണ് മത്സരം ഫിനിഷ് ചെയതത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരം വീതം വിജയിച്ച് ഇന്ത്യയും ഓസീസും ഒപ്പത്തിനൊപ്പമെത്തി. മാസ്റ്റര്‍ കാര്‍ഡ് ട്രോഫിക്കായുള്ള മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ രാത്രി 7.30 ന് ഹൈദരബാദില്‍ നടക്കും.

comments

Share this news

Leave a Reply

%d bloggers like this: