അടുത്ത മാസം മുതൽ വൈദ്യുതി , ഗ്യാസ് എന്നിവയുടെ വില വർദ്ധിപ്പിക്കുമെന്ന് അയർലൻഡിലെ Flogas എനർജി , ഈ വർഷം വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണ

അയര്‍ലണ്ടില്‍ ഗ്യാസ്, വൈദ്യുതി എന്നിവയുടെ വിതരണക്കാരായ Flogas-ഉം നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ഒരു യൂണിറ്റിന് 17 ശതമാനവും, ഗ്യാസ് ഒരു യൂണിറ്റിന് 23 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഒക്ടോബര്‍ 26 മുതല്‍ നിലവില്‍ വരും.

അതേസമയം സ്റ്റാന്‍ഡിങ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വൈദ്യുതി സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് വര്‍ഷം 200 യൂറോ മുതല്‍ 300 യൂറോയ്ക്ക് മുകളിലായും, ഗ്യാസ് സ്റ്റാന്‍ഡിങ് ചാര്‍ജ്ജ് 100 യൂറോയ്ക്ക് മുകളിലായും ഏതാനും മാസം മുമ്പാണ് Flogas വര്‍ദ്ധിപ്പിച്ചത് എന്നതിനാലാണ് ഇത്.

നിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടെ ശരാശരി 340 യൂറോ വൈദ്യുതി ബില്ലിലും, 395 യൂറോ ഗ്യാസ് ബില്ലിലും വര്‍ഷത്തില്‍ വര്‍ദ്ധന വരുമെന്നാണ് കണക്കാക്കുന്നത്.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് Flogas ഇന്ധന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഓഗസ്റ്റിലായിരുന്നു അവസാന വര്‍ദ്ധന. അന്ന് വൈദ്യുതിക്ക് 9.8%, ഗ്യാസിന് 24% എന്നിങ്ങനെയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. 2021-ല്‍ നാല് തവണയും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 2021 മുതലുള്ള വര്‍ദ്ധനകള്‍ ഒരുമിച്ച് കണക്കാക്കിയാല്‍ വൈദ്യുതിക്കും, ഗ്യാസിനും 1,700 യൂറോ വീതം അധികമാണ് ഓരോ വര്‍ഷവും Flogas ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നത്.

ഊര്‍ജ്ജമേഖലയിലെ പ്രതിസന്ധികള്‍, ഊര്‍ജ്ജവിതരണ കമ്പനികളുടെ കൊഴിഞ്ഞുപോക്ക്, ശൈത്യകാലത്തെ വൈദ്യുതി നിയന്ത്രണം എന്നിവയെല്ലാം മുന്നില്‍ നില്‍ക്കെയാണ് നിരക്ക് വര്‍ദ്ധന. നിലവില്‍ വിവിധ ഇന്ധനങ്ങള്‍ക്ക് റെക്കോര്‍ഡ് വിലയാണ് ജനങ്ങള്‍ നല്‍കിവരുന്നത്.

Share this news

Leave a Reply

%d bloggers like this: