മംഗോളിയൻ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരൻ കുറ്റക്കാരനെന്ന് കോടതി

നാല്‍പ്പത്തി ഒമ്പതു വയസ്സുകാരിയായ മംഗോളിയന്‍ സ്വദേശിനി Urantsetseg Tserendorj നെ ഡബ്ലിനില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരനായ അയര്‍ലന്‍ഡ് സ്വദേശി കുറ്റക്കാരനെന്ന് കോടതി. സെന്റര്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന കേസിന്റെ പുനര്‍വിചാരണയിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായി പ്രതിയായ കൗമാരക്കാരനായ പ്രതിയെ ഡിസംബര്‍ 21 വരെ റിമാന്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രായം പരിഗണിച്ച് പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2021 ജനുവരി 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡബ്ലിന്‍ സിറ്റി സെന്ററിന്റെ വടക്കുഭാഗത്തായുള്ള CHQ ബില്‍ഡിങ്ങിന്റെ സമീപത്തുവച്ചായിരുന്നു സ്ത്രീക്കെതിരായ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇവരില്‍ നിന്നും പണം തട്ടിയെടുക്കാന്‍ പ്രതിയായ ആണ്‍കുട്ടി ശ്രമിക്കുകയും , തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തില്‍ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ തുടര്‍ന്ന് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവരുടെ ‌മരണം സ്ഥിരീകരിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ശക്തമായ സമയത്തായിരുന്നു ഈ സംഭവം.

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം വര്‍ഷങ്ങളായി അയര്‍ലന്‍ഡില്‍ താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട Urantsetseg Tserendorj. ശുചീകരണ മേഖലയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഒരു ആണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.

കേസില്‍ ഈ വര്‍ഷം ആദ്യം വിചാരണ നടന്നിരുന്നെങ്കിലും വിധി പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം പ്രതിയായ കുട്ടി 12 വയസ്സുമുതല്‍ മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്നും, ലഹരിയിലാണ് ഈ കുറ്റകൃത്യം ചെയ്തതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മോഷ്ടിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശമെന്നും, കൊലപ്പെടുത്താനായി ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: