“വാനോളം വളരുന്ന അന്ധവിശ്വാസം” ; പ്രൊഫ. ഡോ. വെള്ളിമൺ നെൽസൺ എഴുതുന്നു

പ്രൊഫ.ഡോ.വെള്ളിമണ്‍ നെല്‍സണ്‍
ഫോ; 94957326251

ഈ ശാസ്ത്രയുഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപചയം അന്ധവിശ്വാസമാണ്‌. മനുഷ്യന് വിദ്യാഭ്യാസവും വിവേചന ബുദ്ധിയും ശാസ്താവബോധവും തീരെ കുറവായിരുന്ന കാലത്ത്‌ പോലും ഉണ്ടായിരുന്നിട്ടില്ലാത്ത അന്ധവിശ്വാസവും ദുര്‍മ്രന്തവാദ പ്രവണതയുമാണ്‌ ഇന്ന്‌ നമ്മുടെ രാജ്യത്തുടനീളം കാണപ്പെടുന്നത്‌. സാര്‍വ്വത്രിക വിദ്യാഭ്യാസവും ശാസ്ത്രീയ നിരീക്ഷണ പരിക്ഷണങ്ങളില്‍ അത്ഭുതപൂര്‍വ്വ വിജയവും കൈവരിച്ചു കൊണ്ടിരിക്കുമ്പോഴും അതിന്‌ ആനുപാതികമായി അന്ധവിശ്വാസവും അനാചാരവും വളര്‍ന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ രാജ്യത്തു നടമാടുന്ന അന്ധവിശ്വാസങ്ങളുടെയും ആഭിചാരക്രിയകളുടെയും അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ ആയിരം പേജുകളുള്ള ആയിരം പുസ്തകങ്ങളെഴുതിയാലും വിശദീകരിച്ചു തീര്‍ക്കാന്‍ കഴിയില്ല! ഒരു ലേഖനത്തിന്റെ ദൈര്‍ഘൃപരിമിതി ലംഘിക്കാതെ തന്നെ ഏതാനും സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. ഗള്‍ഫില്‍ നിന്നു മടങ്ങിവന്ന സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള ഗര്‍ഭിണിയായ വീട്ടമ്മയോട്‌ ഒരു മ്രന്തവാദി പറഞ്ഞതിങ്ങനെയാണ്‌ – “നിങ്ങളുടെ വയറ്റില്‍ കിടങ്ങുന്ന കുഞ്ഞ്‌ നിങ്ങള്‍ക്ക്‌ അപശകുനമായിത്തീരും.” പിന്നെ പരിഹാര ക്രിയകള്‍ പലതു ചെയ്തു; നല്ലൊരു തുക സ്വന്തമാക്കി മന്ത്രവാദി മുങ്ങി.

കുഞ്ഞു ജനിച്ചു മിടുക്കനായി വളരാന്‍ തുടങ്ങിയെങ്കിലും അമ്മയുടെ ആശങ്കമാറിയില്ല. ഭര്‍ത്താവിന്റെ ക്ഷണപ്രകാരം വീണ്ടും അവര്‍ ഗള്‍ഫിലെത്തി. കുഞ്ഞിനെ കണ്ട അച്ഛന്‍ അതീവ സന്തുഷ്ടനായെങ്കിലും മന്ത്രവാദിയുടെ കണ്ടെത്തല്‍ അവര്‍ ഭര്‍ത്താവിനെ അറിയിച്ചു. ഇതിനിടയില്‍ സ്വര്‍ണ്ണക്കടത്തുകാരുടെ ഒരു ഏജന്റ്‌ ആ ദമ്പതികളെ സമീപിച്ചു. ഗുഡാലോചനകള്‍ക്കൊടുവില്‍ മാതാപിതാക്കളുടെ സമ്പൂര്‍ണ്ണ സമ്മതപ്രകാരം സ്വര്‍ണ്ണക്കടത്തിന്‌ ആ കുഞ്ഞിനെ ഉപയോഗിക്കുകയായിരുന്നു. കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ മുഴുവന്‍ മാറ്റുകയും പകരം സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ നിറച്ചു കുത്തിക്കെട്ടുകയും ചെയ്തു. നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്‌ വിലപിടിപ്പുള്ള വസ്ത്രത്തില്‍ പൊതിഞ്ഞ്‌ ആര്‍ക്കും സംശയം തോന്നാത്ത വിധം അമ്മ കുഞ്ഞുമായി നാട്ടിലേക്ക്‌ തിരിച്ചു. പക്ഷേ വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ അവര്‍ പിടിക്കപ്പെടുകയായിരുന്നു. കുഞ്ഞും പോയി സ്വര്‍ണ്ണവും പോയി കുടുംബ ജീവിതവും പോയി. അപ്പോഴും അവര്‍ മ്രന്തവാദിയുടെ “സത്യസന്ധമായ” മുന്നറിയിപ്പില്‍ വിശ്വസിക്കുകയായിരുന്നു. – “ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം തന്റെ അപശകുനം പിടിച്ച കുഞ്ഞാണ്‌.”

യഥാര്‍ത്ഥത്തില്‍ കുഞ്ഞിന്റെ കുഴപ്പമാണോ? മന്ത്രവാദിയുടെ വാക്കുകള്‍ ദേവവാണി പോലെ വിശ്വസിക്കുകയും ഏതു വിധേനയും സമ്പാദിക്കാന്‍ അത്യാര്‍ത്തി കാണിക്കുകയും ചെയ്തതല്ലേ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്‌.

വഴിയോരങ്ങളില്‍ കുറച്ചു ചീട്ടും കൂട്ടിലെ തത്തയുമായിരിക്കുന്നവരും കൈനോട്ടക്കാരും പറയുന്നതെല്ലാം സത്യമാണെന്ന്‌ വിശ്വസിക്കുന്ന ധാരാളം അഭ്യസ്തവിദ്യര്‍‍ പോലുമുണ്ട്‌. തത്ത എടുത്തുകൊടുത്ത ചീട്ടില്‍ നോക്കി കണക്കുകൂട്ടിക്കൊണ്ട്‌ ഒരാള്‍ തന്റെ മുന്നിലിരുന്ന മദ്ധ്യവയസ്കനായ വഴിയാത്രക്കാരനോട്‌ പറഞ്ഞു – “നിങ്ങളുടെ ആയുസ്സിന്‌ ചെറിയ കുഴപ്പം കാണുന്നുണ്ട്‌.”

എന്നാലും എത്രവരെ എത്തും? വഴിയാത്രക്കാരന്‍ ആശങ്കയോടെ ചോദിച്ചു. “അറുപതുവരെ എത്തുമെന്നാണ്‌ കാണുന്നത്‌”. “അയ്യോ അതുപോരൊ, കുറേക്കൂടി വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?”
“ഉണ്ടോ എന്നു ചോദിച്ചാല്‍ ……………………. ഉണ്ടാകണമല്ലോ! ………… പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നം വല്ലതും ജീവിതത്തിലുണ്ടോ?”
ഇതു കേട്ട അയാള്‍ ആദ്യം കൊടുത്ത അന്‍പതു രൂപയ്ക്ക്‌ പുറമേ അന്‍പതു കൂടി കൊടുത്തു. ആകെ നൂറുരൂപ. പക്ഷേ തന്റെ പൈസ നഷ്ടപ്പെട്ടെന്ന ചിന്തയേ അയാള്‍ക്കുണ്ടായില്ല. കാരണം 80 വയസ്സിനു മുകളില്‍ ആയുസ്സുണ്ടാകുമെന്ന്‌ കേട്ടുകൊണ്ടാണ്‌ അയാള്‍ സംതൃപ്തിയോടെ എഴുന്നേറ്റു പോയത്‌. രണ്ടുപേര്‍ക്കും സന്തോഷം – ഒരാള്‍ക്ക്‌ പണം കിട്ടി, മറ്റേയാള്‍ക്ക്‌ ദീര്‍ഘായുസ്സും! പക്ഷേ ആയുസ്സു നീട്ടിക്കൊടുത്തയാള്‍ക്ക്‌ സ്വന്തം ആയുസ്സ്‌ എത്രവരെയുണ്ടെന്നറിയില്ല, അതിന്റെ ഉല്‍കണ്ഠയാണ്‌ അയാള്‍ക്കുള്ളത്‌.

കോടികള്‍ വിലവരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ നിറച്ച സ്വര്‍ണ്ണക്കുടം തങ്ങളുടെ വീടിനോടു ചേര്‍ന്ന പറമ്പില്‍ മറഞ്ഞിരിക്കുന്നെന്നും അത്‌ സ്വന്തമാക്കാന്‍ കഴിയുമെന്നും അറിഞ്ഞതുകൊണ്ടാണ്‌ ഒരമ്മ സ്വന്തം മകനെ സസന്തോഷം കുരുതികൊടുക്കാന്‍ തയ്യാറായത്‌. മന്ത്രവാദി വളരെ “പണിപ്പെട്ടു കണ്ടെത്തിയ കാര്യമാണ്‌ പറമ്പില്‍ മറഞ്ഞിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ കാര്യം! അത്‌ സൂക്ഷിച്ചു വച്ചിരിക്കുന്നതാകട്ടെ ഭൂതങ്ങളാണ്‌. ഉപരിതലത്തിലേക്ക്‌ അത്‌ നിക്കി വച്ചു തരണമെങ്കില്‍ അവര്‍ക്ക്‌ മക്കളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞിനെ കുരുതി കൊടുക്കണമെന്നും മ്രന്തവാദി കണ്ടെത്തി. പത്തുവയസ്സുള്ള മകളും എട്ടു വയസ്സുള്ള മകനുമാണ്‌ ആ അമ്മയ്ക്കുണ്ടായിരുന്നത്‌. കൂടുതല്‍ ഇഷ്ടം മകനോടു തന്നെ. അതിനാല്‍ മകനെത്തന്നെ ബലികൊടുക്കുകയായിരുന്നു. അവരുടെ ഭര്‍ത്താവും അനുകുലിക്കുകയുണ്ടായി. മന്ത്രവാദിയും കൂട്ടരും അവരുടെ വീട്ടില്‍ പൂജകള്‍ നടത്തി. പൂജയുടെ അവസാനം അര്‍ദ്ധരാത്രിയിലാണ്‌ കുരുതി നടത്തേണ്ടത്‌. മാതാപിതാക്കള്‍ രണ്ടു മക്കള്‍ക്കും സന്ധ്യയ്ക്കു തന്നെ അത്താഴം കൊടുത്തു ഉറങ്ങാന്‍ നിര്‍ദ്ദേശിച്ചു. മയങ്ങിപ്പോകാനുള്ള മരുന്നുകള്‍ കലര്‍ത്തിയാണ്‌ ഭക്ഷണം കൊടുത്തത്‌. അതിനാല്‍ വീട്ടില്‍ നടക്കുന്നതൊന്നുമറിയാതെ രണ്ടു മക്കളും ഉറങ്ങുകയായിരുന്നു.

അര്‍ദ്ധ ബോധാവസ്ഥയില്‍ കിടന്ന മകനെ കുരുതിക്കളത്തിലേക്ക്‌ എടുത്തുകൊണ്ടുകൊടുത്തത്‌ അച്ഛനമ്മമാര്‍തന്നെയാണ്‌. കുരുതി കൃത്യമായി നടന്നു. ചുടുരക്തം തെറ്റിച്ചുപിന്നെ ഒഴുകി തളംകെട്ടി നിന്നു. എന്നിട്ടും മാതാപിതാക്കള്‍ നിലവിളിച്ചില്ല! കാരണം മനസ്സിലെ സ്വര്‍ണ്ണത്തിന്റെ തിളക്കം അവരെ അന്ധരാക്കിയിരുന്നു. ആ രാത്രിതന്നെ രഹസ്യമായി പറമ്പില്‍ ശവം മൂടി മ്രന്തിവാദിയും സഹായികളും സ്ഥലംവിട്ടു. വെറുതേയല്ല ആ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവുമെല്ലാം കൈവശപ്പെടുത്തിക്കൊണ്ട്‌! മുന്ന്‌ ദിവസത്തിനകം ഇതേ സ്ഥലത്തു നിന്നു തന്നെ സ്വര്‍ണ്ണം നിറച്ച കുടം പൊന്തിവരുമെന്നായിരുന്നു മന്ത്രവാദി ഉറപ്പുകൊടുത്തത്‌.

പിറ്റേന്ന്‌ രാവിലെ സഹോദരി അനുജനെ തിരക്കി. മാതാപിതാക്കള്‍ അവളുടെ വായ്പൊത്തി. മിണ്ടരുതെന്ന്‌ വിലക്കി. പക്ഷേ അനുജനെ കാണാനില്ലെന്ന്‌ അവള്‍ അയല്‍ക്കാരോടും ചില കൂട്ടുകാരോടും പറഞ്ഞു. മകന്‍ സ്‌കൂളിലെത്തിയിട്ടില്ലെന്ന്‌ അറിയിപ്പ്‌ കിട്ടിയെങ്കിലും മാതാപിതാക്കള്‍ക്ക്‌ മറുപടിയോ പരാതിയോ ഉണ്ടായില്ല! മൂന്നാം നാള്‍ പോലീസ്‌ എത്തി പറമ്പ്‌ പരിശോധിച്ചു, നിധിയല്ല പൊന്തിവന്നത്‌ കുഞ്ഞിന്റെ മൃതശരീരമാണ്‌! ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. പക്ഷേ അതില്‍ ഒരു ശതമാനം പോലും പുറംലോകം അറിയുന്നില്ല!

2021 ജനുവരി 25 ന്‌ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മന്ത്രവാദത്തെ സംബന്ധിച്ച്‌ മലയാള പത്രങ്ങളുള്‍പ്പെടെ എല്ലാ ഭാഷാപത്രങ്ങളും റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ദൂര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ബാധയൊഴിപ്പിക്കാനായി 2 പെണ്‍മക്കളെ അച്ഛനും അമ്മയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഉരുക്കുകട്ട കൊണ്ട്‌ തലയ്ക്കടിച്ചാണ്‌ രണ്ടുപേരെയും കൊലപ്പെടുത്തിയത്‌.

ആ മാതാപിതാക്കളും മക്കളും വിദ്യാഭ്യാസമില്ലാത്തവരായിരുന്നില്ല. അച്ഛന്‍ ഡോ. വി.പുരുഷോത്തം നായിഡു മദനപ്പള്ളിയിലെ ഗവ. ഗേള്‍സ്‌ ഡിഗ്രി കോളേജിലെ വൈസ്‌ പ്രിന്‍സിപ്പലും കെമിസ്ട്രി പ്രൊഫസറുമാണ്‌. ഐ.ഐ.ടി കോച്ചിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപികയും ഗണിതശാസ്രതത്തില്‍ ബിരുദാനന്തര ബിരുദവും സ്വര്‍ണ്ണമെഡലും നേടിയ പത്മജയാണ്‌ അമ്മ. മക്കള്‍ 27 കാരി അലേഖ്യയും 23 കാരി സായിദിവ്യയും. അലേഖ്യ ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ്‌ ഫോറസ്റ്റ്‌ മാനേജ്‌മെന്റില്‍ ജോലി ചെയ്യുകയും സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുകയുമായിരുന്നു. ബിരുദധാരിയും ചെന്നൈയിലെ എ.ആര്‍ റഹ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഗീത വിദ്യാര്‍ത്ഥിനിയുമായിരുന്നു സായി ദിവ്യ. ലോക്ഡൌണില്‍ ഇരുവരും വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

മക്കളില്‍ ബാധ കൂടിയിട്ടുണ്ടെന്ന്‌ ദൂര്‍മ്രന്തവാദി അറിയിച്ചതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ മക്കളെ പുറത്തേക്കു വിടുകയോ ആരെയും വീട്ടിലേക്ക്‌ കയറ്റുകയോ ചെയ്തിരുന്നില്ല. ബാധ ഒഴിപ്പിക്കലിനിടയില്‍ മക്കള്‍ കൊല്ലപ്പെട്ടാലും കുഴപ്പമില്ലെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ ജീവന്‍വച്ച്‌ വരുമെന്നും അപ്പോള്‍ ശരീരത്തു കൂടിയ ബാധ ഒഴിഞ്ഞിരിക്കുമെന്നും മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ്‌ ദുര്‍മ്രന്തവാദി അരുംകൊല ചെയ്യിച്ചത്‌. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മക്കള്‍ക്ക്‌ ജീവന്‍ വയ്ക്കാതിരുന്നപ്പോള്‍ ഡോ.പുരുഷോത്തം നായിഡു ഒരു സുഹൃത്തിനെ വിളിച്ചു കാരൃങ്ങള്‍ അറിയിച്ചിരുന്നു. വീണ്ടും മണിക്കുറുകള്‍ കടന്നു പോയപ്പോള്‍ ദുര്‍മന്ത്രവാദി മറ്റൊരു ഉപദേശം നല്‍കി. – “എല്ലാവരും ഒന്നിച്ചു മടങ്ങി വരണമെന്നുണ്ടെങ്കില്‍ അതിനും വഴിയുണ്ട്‌. നിങ്ങള്‍ രണ്ടുപേരും ഉടന്‍ ആത്മഹതു ചെയ്യണം.”

മക്കളോടൊപ്പം തിരിച്ചു വരാന്‍ കഴിയുമെന്നു കേട്ടപ്പോള്‍ മാതാപിതാക്കള്‍ ആത്മഹത്യയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്‌ ആ മുന്ന്‌ നിലക്കെട്ടിടത്തില്‍ പോലീസ്‌ ഇരച്ചുകയറിയത്‌. ചുവന്ന സാരിയില്‍ തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്ന സഹോദരിമാരെയാണ്‌ പോലീസ്‌ കണ്ടത്‌. ഡോ.പുരുഷോത്തം നായിഡുവിന്റെ എല്ലാ സ്വത്തും തട്ടിയെടുക്കുകയായിരുന്നു ദുര്‍മന്ത്രവാദിയുടെ ലക്ഷ്യം!

യാതൊരു വിദ്യാഭ്യാസവും വിവരവും വിവേകവും വിജ്ഞാനബോധധവുമില്ലാത്ത, തട്ടിപ്പുമാത്രം അറിയുന്ന ദൂര്‍മ്രന്തവാദിയുടെ വാക്കുകള്‍ വിശ്വസിച്ച്‌ ഉന്നത വിദ്യാഭ്യാസവുംഉദ്യോഗവും സമ്പദ്‌ സമൃദ്ധിയും സര്‍വ്വൈശ്വര്യങ്ങളുമുണ്ടായിരുന്ന ഒരു കുടുംബം തകര്‍ന്നുതരിപ്പണമായില്ലേ? ഇതുപോലെ എത്രയെത്ര അപരിഹാര്യ കഷ്ടനഷ്ടങ്ങളാണ്‌ ദുര്‍മന്ത്രവാദികളെ വിശ്വസിച്ചവര്‍ക്കെല്ലാം എവിടെയും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്‌! എത്ര
അനുഭവങ്ങള്‍ ഉണ്ടായാലും കേട്ടറിഞ്ഞാലും ജനം അന്ധവിശ്വാസം കൈവിടാന്‍ ഇനിയും തയ്യാറല്ല! വിദ്യാസമ്പന്നരും ഉന്നത സ്ഥാനമാനങ്ങളലങ്കരിക്കുന്നവരും അന്ധവിശ്വാസങ്ങളെ പിന്‍താങ്ങുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. മലയാളിയും പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷ അനുഭാവിയും പ്രശസ്ത അഡ്വക്കേറ്റും മുന്‍ സുപ്രിംകോടതി ജഡ്ജിയുമായിരുന്നപ്രഗല്‍ഭനായ ഒരാള്‍ മരിച്ചുപോയ സ്വന്തം മകളെ ഇടയ്ക്കിടെ കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. ഐ.പി.എസ്‌ നേടി നേരിട്ട് ഓഫീസര്‍ റാങ്കില്‍ നിയമിതനാകുകയും തുടര്‍ന്ന്‌ അത്യുന്നത പോലീസ്‌ മേധാവിയും സര്‍വ്വജനസമ്മതനും പ്രഗല്‍ഭ വാഗ്മിയും പ്രഭാഷകനുമായ ഒരാള്‍ അന്ധവിശ്വാസങ്ങളെയും ദൂര്‍മ്രന്തവാദങ്ങളെയും പരോക്ഷമായിപ്പോലും പിന്‍തുണക്കാന്‍ പാടില്ലാത്തതാണ്‌.

അദ്ദേഹം സര്‍വ്വീസില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു കൊലപാതകക്കേസ്‌ പ്രതിയെ കണ്ടു പിടിക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാതെ വരികയും അറ്റകൈക്കെന്ന നിലയില്‍ കീഴുദ്യോഗസ്ഥന്റെ അഭിപ്രായം മാനിച്ച്‌ ദുര്‍മ്രന്തവാദിയെ വിളിച്ചു വരുത്തി കര്‍മ്മങ്ങള്‍ ചെയ്യിച്ചതായും കൊല്ലപ്പെട്ടയാള്‍ ഒരു ബന്ധുവിന്റെ ശരീരത്തില്‍ പ്രവേശിച്ച്‌ തന്നെ കൊലപ്പെടുത്തിയ ആളിന്റെ പേര് സ്വന്തം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞതായും അങ്ങനെ ആ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായും വെളിപ്പെടുത്തുകയുണ്ടായി.

അവിശ്വസനീയവും അശാസ്ത്രീയവും സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതുമായ ഇത്തരം വെളിപ്പെടുത്തലുകള്‍ സമൂഹത്തിന്‌ എന്ത്‌ സന്ദേശമാണ്‌ നല്‍കുന്നത്‌? അന്ധവിശ്വാസങ്ങളെ ഈട്ടിയുറപ്പിക്കാനും ദുര്‍മ്രന്തവാദികളെ സഹായിക്കാനും മാത്രമേ ഈ വിധത്തിലുള്ള സാക്ഷ്യപ്പെടുത്തല്‍ ഉപകരിക്കുകയുള്ളൂ. കൊല്ലപ്പെട്ട ആളെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ആളെക്കുറിച്ച്‌ അറിയാന്‍ കഴിയുമെങ്കില്‍ ഇവിടെ തെളിയിക്കാതെ കിടക്കുന്ന ആയിരക്കണക്കിന്‌ കേസുകള്‍ നിഷ്പ്രയാസം തെളിയിക്കാന്‍ കഴിയില്ലേ? യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ നമ്മുടെ പോലീസുകാര്‍ അഹോരാത്രം കഷ്ടപ്പെടുന്നതെന്തിനാണ്‌? എന്തിനാണ്‌ സര്‍ക്കാര്‍ ഇത്രയേറെ പോലീസുകാരെ റിക്രൂട്ട് ചെയ്യുന്നത്‌? രണ്ടോ മൂന്നോ ദുര്‍മന്ത്രവാദികളെ സര്‍വ്വീസിലെടുത്താല്‍ പോരേ?

സമൂഹത്തില്‍ നിന്ന്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍കഴിയാത്തിടത്തോളം ശാസ്ത്രപുരോഗതിയിലും അഭൂതപൂര്‍വ്വ നേട്ടങ്ങളിലും ഊറ്റം കൊള്ളാന്‍ നമുക്ക്‌ കഴിയുമോ? മനുഷ്യന്‍ ചന്ദ്രനില്‍ എത്രവട്ടം കാലുകുത്തിയാലും അവിടെത്തന്നെ സ്ഥിരതാമസമാക്കിയാലും ശുന്യാകാശത്തിലെവിടെയും ഉപഗ്രഹങ്ങള്‍ നിറച്ചാലും, ഭൂമിയില്‍ ബുള്ളറ്റ്‌ ട്രെയിനും, സില്‍വര്‍ ലൈനും യാഥാര്‍ത്ഥ്യമാക്കിയാലും ഹൈടെക്‌ റോഡുകളും കെട്ടിടസമുച്ചയങ്ങളും പണിതു കൂട്ടിയാലും ഡിജിറ്റല്‍ മേഖലയില്‍ എത്ര കുതിച്ചുചാട്ടം നട ത്തിയാലും 5 ജി പോലുള്ള അതിവേഗ ഇന്റര്‍നെറ്റ്‌ സേവനം സാര്‍വ്വത്രികമാക്കിയാലും മനുഷ്യന്‍ അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ മോചിതനാകാത്തിടത്തോളം കാലം എല്ലാം വ്യര്‍ത്ഥമാണ്‌.

യഥാര്‍ത്ഥ വികസനം ഉണ്ടാകേണ്ടത്‌ മനുഷ്യ മനസ്സിനാണ്‌. മനുഷ്യന്‍ ചൂഷണങ്ങളില്‍ നിന്നും മനോദൌര്‍ബല്യങ്ങളില്‍ നിന്നും മുക്തനാകണം. നമ്മുടെ വികസനലക്ഷ്യം അന്ധവിശ്വാസ മുക്ത സമുഹമായിരിക്കണം. വിവേചന ബുദ്ധിയും മനോബലവുമുള്ള സമൂഹം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതിനു മുന്നില്‍ മറ്റെല്ലാം നിഷ്പ്രഭമായിരിക്കും.

Share this news

Leave a Reply

%d bloggers like this: