അയർലൻഡിലെ ഗുണ്ടാസംഘങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് ലിയോ വരദ്കർ

അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതോടെ രാജ്യത്തെ ഗുണ്ടാസംഘങ്ങള്‍ നടത്തി വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. Fine Gael പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധികളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെയും, സമൂഹത്തെയും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോവുമെന്നും. അയര്‍ലന്‍ഡിലെ ക്രിമിനല്‍ അധോലോകങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നും ലിയോ വരദ്കര്‍ പറഞ്ഞു.

അപകടകരമായ അക്രമങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ അഞ്ചുവര്‍ഷത്തില്‍ നിന്നും പത്തുവര്‍ഷമാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം അദ്ദേഹം നടത്തി. കൊലപാതക ഗൂഢാലോചനകള്‍ക്കുള്ള ശിക്ഷ പത്തുവര്‍ഷത്തില്‍ നിന്നു ജീവപരന്ത്യമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തെരുവുകളിലും, സ്വന്തം വീടുകളിലും അയര്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല, ഇത് കണക്കിലെടുത്താണ് ഗാര്‍ഡയിലേക്ക് ആയിരം ഉദ്യോഗസ്ഥരെ നിയമിക്കാനായി ബജറ്റില്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിയാനിരിക്കുന്ന നിലവിലെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനെ ലിയോ വരദ്കര്‍ അഭിനന്ദിച്ചു. കോവിഡ്, ഉക്രൈന്‍ യുദ്ധം എന്നിവയടക്കമുള്ള വിഷമഘട്ടങ്ങളില്‍ മികച്ച രീതിയില്‍ അദ്ദേഹം നാടിനെ നയിച്ചതായും, മാന്യത, ദയ, സാമാന്യബോധം എന്നിവ ഉയര്‍ത്തിക്കാട്ടിയ നേതാവാണ് അദ്ദേഹമെന്നും ലിയോ വരദ്കര്‍ പറഞ്ഞു.

ഡിസംബറിലാണ് മീഹോള്‍ മാര്‍ട്ടിനില്‍ നിന്നും ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനിരിക്കുന്നത്. 2020 ലെ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ Fine Gael, Fianna Fáil , Greens എന്നീ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ പരസ്പരധാരണ പ്രകാരമാണിത്.

Share this news

Leave a Reply

%d bloggers like this: