ഡബ്ലിനിലെ ഗാർഡയ്‌ക്കെതിരായ ആക്രമണം ; ഇതുവരെ അറസ്റ്റിലായത് നാല് പേർ

ഡബ്ലിന്‍ Ballyfermot Road ല്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെത്തുടര്‍ന്ന് ഇതുവരെ അറസ്റ്റിലായത് നാല് പേര്‍. നാല്‍പ്പത് വയസ്സുകാരനായ ഒരാളാണ് ഏറ്റവുമൊടുവിലായി അറസ്റ്റിലായിരിക്കുന്നത്. 50, 30 വയസ്സിനോടടുത്ത് പ്രായമുള്ള രണ്ട് പേരെയും, 50 വയസ്സിനോടടുത്ത് പ്രായമുള്ള ഒരു സ്ത്രീയെയും ഇതിന് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

Ballyfermot Road ലുണ്ടായ ഒരു ക്രമസമാധാന പ്രശ്നത്തെത്തുടര്‍ന്നായിരുന്നു ഒരു വനിതാ ഉദ്യോഗസ്ഥയടക്കം രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാത്രി ഇവിടേക്കെത്തിയെത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ചില ആളുകള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ ആശുപത്രിയിലേക്കും മാറ്റി.

ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൂരമായ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെ മുഖത്ത് ഇടിക്കുന്നതായും, ചവിട്ടുന്നതായും ദൃശ്യങ്ങളില്‍ കാണാം. വലിയ ടോര്‍ച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥന്റെ മുഖത്തിടിക്കുകയും, തടയാന്‍ ചെന്ന വനിതാ ഉദ്യോഗസ്ഥയെ മുടിയില്‍ പിടിച്ചു വലിച്ച് തള്ളിയിടുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവസ്ഥലത്ത് വച്ചുതന്നെ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ നിലവില്‍ Ballyfermot ഗാര്‍ഡ സ്റ്റേഷനില്‍ കഴിയുകയാണ്. പിടികൂടിയ സ്ത്രീയെ കേസെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. Ballyfermot ഗാര്‍ഡ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണമാണ് നിലവില്‍ നടക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഏവരുടെയും സുരക്ഷയ്ക്കായി ജീവന്‍ പണയം വച്ചുകൊണ്ട് മുന്നിട്ടിറങ്ങിയ ഗാര്‍ഡയ്ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ പൊറുക്കാന്‍ കഴിയുന്നതല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: