പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് ഇ-സിഗരറ്റ് വിൽക്കുന്നത് നിരോധിക്കാനൊരുങ്ങി അയർലൻഡ് സർക്കാർ

അയര്‍ലന്‍ഡിലെ പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇ-സിഗരറ്റുകള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്താനുള്ള നീക്കത്തിന് അനുമതി നല്‍കി അയര്‍ലന്‍ഡ് സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വെന്‍ഡിങ് മെഷീനുകള്‍ വഴിയും, താത്കാലിക കടകള്‍ വഴിയും, കുട്ടികള്‍ക്കായുള്ള പരിപാടികളുടെ ഭാഗമായും ഇ സിഗരറ്റുകള്‍ വില്‍പന നടത്തുന്നത് നിരോധിക്കപ്പെടും. കൂടാതെ പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, സ്കൂളുകള്‍ക്ക് സമീപം എന്നിവിടങ്ങളില്‍ ഇ-സിഗരറ്റിന്റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും സര്‍ക്കാര്‍ നിരോധിക്കും.

പുകവലിയിലേക്ക് കടക്കുന്ന കുട്ടികളെയും, യുവാക്കളെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായാണ് പുതിയ നീക്കമെന്ന് ആരോഗ്യമന്ത്രി Stephen Donnelly കഴിഞ്ഞ ദിവസം പറഞ്ഞു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വളരെ ആസക്തിയുളവാക്കുന്ന നിക്കോ‌ട്ടിന്‍ പോലെയുള്ള വസ്തുക്കളുടെ ലഭ്യത കുറയ്ക്കുക എന്നതും, കുട്ടികളുടെ നിത്യജീവിതത്തില്‍ നിന്നും ഇത്തരം പരസ്യങ്ങളെ അകറ്റി നിര്‍ത്തുക എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും ആദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡിന്റെ Public Health (Tobacco and Nicotine Inhaling Products) Bill ലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുക. പുകയില ഉത്പന്നങ്ങളുടെ ചില്ലറ വ്യാപാരത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പതിനാറായിരത്തിലധികം വ്യത്യസ്ത ഫ്ലേവറുകളില്‍ ഇ-സിഗരറ്റുകള്‍ ലഭ്യമാണ്. ഇ-സിഗരറ്റുകള്‍ വലിക്കുന്ന കുട്ടികള്‍ പുകവലിയിലേക്ക് കടക്കാനുള്ള സാധ്യത അഞ്ചുമടങ്ങാണെന്ന് Health Research Board ബോര്‍ഡ് നടത്തിയ പഠനത്തിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: