“അവൾ-ഒരു അമൂല്യമായ സമ്മാനം” ; ഫാദർ ജോബി ജോസിന്റെ അവൾ എന്ന പുസ്തകത്തെക്കുറിച്ച് അശ്വതി പ്ലാക്കൽ എഴുതുന്നു

കൂടെ പഠിച്ച സുഹൃത്ത് ആ അച്ചൻ എന്റെ എറ്റവും അടുത്ത സുഹൃത്തെന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോഴാണ് ഈ പള്ളീലച്ചന്മാർ നമ്മളെ പോലെയുള്ള മനുഷ്യരാണെന്ന് ആദ്യം ബോധമുണ്ടായത്. പിന്നീടിങ്ങോട്ട് അത് മാറിയതുമില്ല. അവിചാരിതമായി കിട്ടിയ സമ്മാനം ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്ന ഫാദർ ബോബി ജോസിന്റെ അവൾ എന്ന പുസ്തകം ആയിരുന്നു. അമൂല്യമായ ഒരു സമ്മാനം എന്ന് വിശേഷിപ്പിക്കുന്നുവെങ്കിൽ ആ പുസ്തകത്തിന്റെ ഉള്ളടക്കം അത്ര മഹത്തരമായിരിക്കണം…..
കന്യകയുടെ പുത്രനാണ് ഏകദൈവം എന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. എത്ര മാത്രം ആത്മീയമാണ് ആ ചിന്ത. അവനാവട്ടെ മനുഷ്യരെ പിടിക്കുന്നവനായി. വേദനിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഹൃദയം തുറന്നിട്ടു. വേശ്യകളുടെ കണ്ണുനീർ കണ്ടു. അവരുടെ ഹൃദയത്തിന്റെ കാവൽക്കാരനായി. അവനിലുള്ള വിശ്വാസം സ്ത്രീകളിലൂടെ ലോകത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. അവന്റെ അമ്മയുടെ കണ്ണുനീരും കാത്തിരിപ്പും ഒരു കൂട്ടം ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാറി. അങ്ങിനെ നോക്കിയാൽ ഏറ്റവും മഹത്തരം അവന്റെ അമ്മയുടെ ജന്മം അല്ലേ?
അവളെ കുറിച്ചാണ് ഈ പുസ്തകം. നിങ്ങളുടെ ജീവിതത്തിൽ കയറിയിറങ്ങി പോകുന്നതും നില നിൽക്കുന്നതുമായ ഒട്ടനവധി അവളുമാരെക്കുറിച്ച്…
സ്ത്രീകളെ ക്കുറിച്ച് മഹത്തരമായി സംസാരിക്കുന്നതു കൊണ്ട് ഒരാൾ ഫെമിനിസ്റ്റ് ആകുന്നില്ല നല്ലൊരു വ്യക്തി പോലുമാകുന്നില്ല ആകാതെ ഇരിക്കുന്നുമില്ല.
ആൺസുഹൃത്താണ് ഈ പുസ്തകം എനിക്ക് സമ്മാനിച്ചത്. ഒരു പക്ഷെ അവളെ തിരിച്ചറിയാൻ സാധിക്കുക പുരുഷന് തന്നെയായിരിക്കും. നമ്മളോട് തന്നെ കള്ളം പറയുന്ന രാവുകളിൽ, പകലുകളിൽ നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ഒരുവളെ കുറിച്ചോർത്തു നമ്മൾ തേങ്ങാറുണ്ട്.. അതൊരു പക്ഷെ നമ്മുടെ അമ്മയായിരിക്കാം,മകളായിരിക്കാം സഹോദരിയായിരിക്കാം ഭാര്യ ആയിരിക്കാം കാമുകി ആയിരിക്കാം. പക്ഷെ മനുഷ്യന്റെ ഉപ്പും വിയർപ്പും വികാരവും വിചാരവും ഒടുവിൽ അണയുന്നത് ഒരു സ്ത്രീയിലായിരിക്കും.
ഇതേ സ്ത്രീയെ തന്നെ നമ്മൾ നിർദാക്ഷിണ്യം തള്ളി കളയുന്നു അവളുടെ സ്വപ്നങ്ങൾക്ക് വിലയിടുന്നു വിചാരങ്ങൾക്ക് ക്ഷതമേൽപ്പിക്കുന്നു.
അവളെ ചാട്ടവാർ പ്രഹരമേൽപ്പിക്കുന്നു അവളുടെ സ്നേഹത്തിനു തീവ്രത കുറവെന്നോ കൂടുതലെന്നോ പറയുന്നു അവളെ ഭ്രാന്തിയെന്ന് മുദ്ര കുത്തുന്നു. കുടുംബത്തിൽ കയറ്റാതാവുന്നു അങ്ങിനെയങ്ങിനെ……
സിനിമകളിൽ കാണുന്ന കരുത്തുറ്റ സ്ത്രീകൾക്ക് കയ്യടിക്കുന്ന അതെ നമ്മൾ തന്നെ ജീവിതത്തിൽ വരുമ്പോൾ ഇത്തവണ സൗദിയോട് തോറ്റ അർജന്റീന ആയി മാറുന്നു എല്ലാമുണ്ട് എന്നാലും തോറ്റ് കൊടുക്കുന്നു. ചാടി അടിക്കുന്ന വിജയശാന്തി സൂപ്പർ ഹീറോയിനും എന്താടാ എന്ന് തിരിച്ചു ചോദിക്കുന്ന സ്ത്രീ പാഴും ആകുന്നു.
എന്റെ വീട്ടിലെ അമ്മയും സഹോദരിയും ഭാര്യയും കഴിഞ്ഞാൽ പിന്നെ കാണുന്ന എല്ലാവർക്കും എക്സ്ട്രാ ലിമിറ്റെഷൻസ് ഉണ്ട്. വീട്ടിലുള്ളവർക്ക് പിന്നെ ഹോംലി ലിമിറ്റെഷൻസ് ആണല്ലോ. ഇനി ഏതെങ്കിലും ചേട്ടൻ ഇത്തിരി മര്യാദയ്ക്ക് പെരുമാറിയാൽ അവൻ അവളെ കയറൂരി വിട്ടേയ്ക്കുവാണെന്ന് പറഞ്ഞു നമ്മുടെ വീട്ടിലെ കയർ ഒന്നൂടെ മുറുക്കിയിടുന്നു.
അങ്ങ് ന്യൂസിലണ്ടിൽ വെറും 7 ആഴ്ച കൊണ്ട് കോവിഡിനെ പിടിച്ചു കെട്ടി ജെസ്സിക്കാ എന്ന ലീഡർ ലോകത്തിനു മാതൃക ആകുന്നു. ഈ പുസ്തകം ലോകത്തിന്റെ വെളിച്ചങ്ങളെയും നിങ്ങളുടെ ചിന്തകളിലേയ്ക്ക് കടത്തി വിടുന്നു. തള്ളുകയോ കൊള്ളുകയോ ചെയ്യുക
പുസ്തകനിരൂപണം എന്ന് പറഞ്ഞിട്ട് അത്രയും നല്ലൊരു പുസ്തകത്തിനെ വലിച്ചു കീറുന്നതിനേക്കാൾ ആ പുസ്തകം എനിക്ക് അല്ലെങ്കിൽ നമുക്ക് തരുന്ന ആത്മവിശ്വാസത്തെക്കുറിച്ച് പറയാൻ തോന്നുന്നു. എന്നെക്കുറിച്ച് നിങ്ങൾ സംസാരിച്ചല്ലോ എന്ന് പറഞ്ഞു ആ വരികൾ എഴുതിയ കൈകളിൽ ഞാൻ മുത്തമിടുന്നു…..സിൽവിയ പ്ലാത്തിന്റെ കത്തുകളെ പോലെ ഇതും അങ്ങേയറ്റം ആത്മാർഥത പുലർത്തിയല്ലോ എന്നോർത്ത് സന്തോഷിക്കുകയും ചെയ്യുന്നു

ഇന്ദുലേഖ പബ്ലിക്കേഷൻസ് ആണ് പുസ്തകപ്രസാധകർ

Just remember
Women are never so strong after their defeat

Share this news

Leave a Reply

%d bloggers like this: