ഭവന പ്രതിസന്ധി ; ഡബ്ലിനിലെ Raise The Roof റാലിയിൽ അണിനിരന്നത് ആയിരങ്ങൾ

അയര്‍ലന്‍ഡിലെ ഭവനമേഖലയിലെ പ്രതിസന്ധികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടന്ന Raise The Roof പ്രതിഷേധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍. രാജ്യത്തെ ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഭവനരഹിതര്‍ക്കായുള്ള ഏജന്‍സികള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് Raise The Roof എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്.

‍ഡബ്ലിനിലെ Parnell Square ല്‍ നിന്നും ആരംഭിച്ച റാലി Merrion Square ലായിരുന്നു അവസാനിച്ചത്. Sinn Féin, People Before Profit, Labour , Social Democrats എന്നീ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും റാലിയുടെ ഭാഗമായിരുന്നു.

INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha, Focus Ireland പ്രതിനിധി Louise Bayliss ഹൌസിങ് വിദഗ്ധനായ Dr Rory Hearne, പ്രശസ്ത നടന്‍ Liam Cunningham തുടങ്ങി പ്രമുഖര്‍ റാലിയില്‍ സംസാരിച്ചു.

സര്‍ക്കാരിന്റെ നയങ്ങളാണ് നിലവിലെ പ്രതിസന്ധികളുടെ പ്രധാനകാരണമെന്ന് Dr Rory Hearne ചൂണ്ടിക്കാട്ടി. ഭവനനയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭവന പ്രതിസന്ധമൂലം രാജ്യത്ത് നഴ്സിങ്- മിഡ്‍വൈഫ് റിക്രൂട്മെന്റുകളടക്കം പ്രതിസന്ധിയിലായതായി പരിപാടിയില്‍ സംസാരിച്ചുകൊണ്ട് Phil Ní Sheaghdha പറഞ്ഞു. ജോലി സ്ഥലത്തിന് സമീപത്ത് താമസം ലഭിക്കാത്തതിനാല്‍ അവര്‍ ജോലി വിട്ടുപോവുകയാണെന്നും Ní Sheaghdha പറഞ്ഞു.

ഭവനപ്രതിസന്ധി വിദ്യാഭ്യാസ മേഖലയിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി കഴിഞ്ഞ ദിവസം സ്കൂള്‍ ജീവനക്കാരുടെ യൂണിയന്‍ സംയുക്ത പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ ഭവനരഹിതരുടെ എണ്ണം തുടര്‍ച്ചയായ മാസങ്ങളില്‍ റെക്കോഡിലെത്തിയ സാഹചര്യത്തില്‍ കൂടെയാണ് ഇത്തരത്തിലൊരു വലിയ പ്രതിഷേധം രാജ്യതലസ്ഥാനത്ത് നടക്കുന്നത്. 3480 കുട്ടികളടക്കം 11397 പേര്‍ രാജ്യത്ത് ഭവനരഹിതരാണെന്ന ഔദ്യോഗിക കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: