ശരീരഭാരം കുറയ്ക്കാനായി തുർക്കിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയ ഐറിഷ് യുവതി മരണപ്പെട്ടു; വിദേശത്തു ശസ്ത്രക്രിയ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

ശരീരഭാരം കുറയ്ക്കാനായി തുര്‍ക്കിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയ അയര്‍ലന്‍ഡ് സ്വദേശിനി മരണപ്പെട്ടു. വെസ്റ്റ് ഡബ്ലിന്‍ സ്വദേശിനിയായ മുപ്പത് വയസ്സുകാരിയാണ് തുര്‍ക്കിയില്‍ വച്ച് ശരീരഭാരം കുറയ്ക്കാനായുള്ള bariatric ചികിത്സയെത്തുടര്‍ന്ന് മരണപ്പെട്ടത്. മരണപ്പെട്ട യുവതിയുടെ മ‍ൃതദേഹം നിലവില്‍ തുര്‍ക്കിയില്‍ തന്നെയാണുള്ളത്. മൃതശരീരം നാട്ടിലേക്കെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയവും, യുവതിയുടെ ബന്ധുക്കളും ശ്രമം തുടരുകയാണ്.

ഇത്തരത്തില്‍ തുര്‍ക്കിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയ ശേഷം മരണപ്പെട്ടതായുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഓപ്പറേഷനായി തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളിലേക്ക് പോവുന്നവര്‍ ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കൃത്യമായി മനസ്സിലാക്കണമെന്നും, ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണമെന്നും അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അയര്‍ലന്‍ഡിലെ സര്‍ജ്ജറികള്‍ക്കായുള്ള നീണ്ട കാത്തിരിപ്പും, ചില ചികിത്സാരീതികളുടെ അഭാവവുമാണ് നിരവധി പേര്‍ക്ക് ഇത്തരം ചികിത്സകള്‍ക്കായി വിദേശത്തേക്ക് പോവുന്നതിന് പ്രേരണയാവുന്നത്. നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നവയാണെന്ന് സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ ഡോക്ടര്‍ Helen Heneghan കഴിഞ്ഞ ദിവസം പറഞ്ഞു. വിദേശത്ത് bariatric ചികിത്സ നടത്തിയ ശേഷം ആരോഗ്യസ്ഥിതി മോശമായ നിരവധി പേരെ ഈയടുത്ത കാലത്തായി ചികിത്സിക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: