ഒരു ബില്യൺ യൂറോ പിന്നിട്ട് Smyths Toys ന്റെ അയർലൻഡിലെയും , യു.കെ യിലെയും 2021 ലെ വരുമാനം

പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ Smyths Toys ന്റെ അയര്‍ലന്‍ഡിലെയും, യു,കെയിലെയും വരുമാനം ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം 1 ബില്യണ്‍ യൂറോ പിന്നിട്ടതായി കണക്കുകള്‍. അയര്‍ലന്‍ഡിലെയും യു.കെയിലെയും 2021 ലെ സംയുക്ത വരുമാനം 1.19 ബില്യണ്‍ യൂറോ ആണെന്നാണ് കമ്പനി പുറത്തുവിടുന്നത്.

അയര്‍ലന്‍ഡിലെ കമ്പനിയുടെ pre-tax profit ല്‍ 39 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 4.35 മില്യണ്‍ യൂറോയോളം വരും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലന്‍ഡിലെ വരുമാനം 3.45 ശതമാനം ഉയര്‍ന്ന് 210.3 മില്യണില്‍ നിന്നും 217.56 മില്യണിലെത്തി.

അയര്‍ലന്‍ഡിലുടനീളം ആകെ 21 റീട്ടെയില്‍ സ്റ്റോറുകളാണ് കമ്പനിക്കുള്ളത്, ഓരോ സ്റ്റോറില്‍ നിന്നും കഴിഞ്ഞ വര്‍ഷമുണ്ടായ ശരാശരി വരുമാനം 10.3 മില്യണ്‍ യൂറോ ആയിരുന്നു. അയര്‍ലന്‍ഡില്‍ നിന്നും ആകെ 217.56 മില്യണ്‍ യൂറോ വരുമാനം ലഭ്യമായപ്പോള്‍ യു.കെയില്‍ നിന്നും 973.7 മില്യണ്‍ യൂറോ ആണ് കമ്പനിക്ക് വരുമാനം ലഭിച്ചത്.

യു.കെയില്‍ ആകെ 115 സ്റ്റോറുകളാണ് Smyths Toys നുള്ളത്. ഇതുകൂടാതെ ജര്‍മ്മനിയില്‍ 67 സ്റ്റോറുകളും, ഓസ്ട്രിയയില്‍ 17 സ്റ്റോറുകളും, സ്വിറ്റ്സര്‍ലന്‍ഡില്‍ 11 സ്റ്റോറുകളും കമ്പനിയുടേതായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നടക്കമുള്ള വരുമാനം പരിഗണിക്കുമ്പോള്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 1.6 ബില്യണ്‍ യൂറോ കടന്നേക്കും.

Share this news

Leave a Reply

%d bloggers like this: