ഹോസ്പിറ്റൽ ക്രൈമുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; ഏറ്റവും കൂടുതൽ ഡബ്ലിനിൽ

അയര്‍ലന്‍ഡിലെ ആശുപത്രികളില്‍ നടന്ന ആക്രമണങ്ങളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ ഈ വര്‍ഷം വലിയ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1052 കേസുകളാണ് ഗാര്‍ഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 862 കേസുകളായിരുന്നു. ആകെ 190 കേസുകളുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോര്‍ട്ടര്‍മാര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള അക്രമങ്ങളായിരുന്നു. രോഗികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പട്ടികയിലുണ്ട്.

ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളിലും, ആക്സിഡന്റ് വാര്‍ഡുകളിലുമാണ് ഇത്തരം അക്രമങ്ങള്‍ കൂടുതലായി നടന്നത് എന്നാണ് ഗാര്‍ഡ നല്‍കുന്ന വിവരം. മദ്യം-മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ സ്വാധീനമാണ് കൂടുതല്‍ അക്രമങ്ങളുടെയും കാരണമെന്നും ഗാര്‍ഡ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡബ്ലിന്‍ ഏരിയയിലാണ് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ 4862 അക്രമസംഭവങ്ങള്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ആക്ടിങ് ജസ്റ്റിസ് മിനിസ്റ്റര്‍ Heather Humphreys സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് Irish Nurses and Midwives Organisation കഴിഞ്ഞ ജൂലൈ മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം അഞ്ചുവീതം നഴ്സുമാര്‍ രാജ്യത്ത് ശാരീരികവും, മാനസികവും, ലൈംഗികവുമായ ആക്രമണങ്ങള്‍ വിധേയരാവുന്നതായും, പലപ്പോഴും ജീവനക്കാര്‍ ജോലി പോലും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാവുന്നതായും INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha അന്ന് പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: