ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം മൂലം സ്വന്തം നാട്ടിലെ സ്ഥാപനം അടച്ചു പൂട്ടാനൊരുങ്ങിയ അയർലൻഡ് മലയാളിക്ക് ആശ്വാസം ; മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു

ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിന് ശേഷം സ്വന്തം നാട്ടില്‍ ഒരു സ്ഥാപനം ആരംഭിക്കുകയെന്നത് ഏതൊരു പ്രവാസിയെ സംബന്ധിച്ചും ഒരു സ്വപ്നമാണ്. എന്നാല്‍ നിയമക്കുരുക്കുകള്‍ മൂലവും, രാഷ്ട്രീയ ഇടപെടലകള്‍ മൂലവും പല പ്രവാസികളുടെയും ഇത്തരം സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ചയും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവുമൊടുവിലായി പുറത്തുവന്നത് കോട്ടയം ആറുമാനൂര്‍ സ്വദേശിയും,അയര്‍ലന്‍ഡ് മലയാളിയുമായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഇല്ലത്തുപറമ്പില്‍ നേരിട്ട ദുരനുഭവങ്ങളായിരുന്നു. നാട്ടില്‍ സ്വന്തമായി ആരംഭിച്ച കിഴക്കേച്ചിറ കള്ളുഷാപ്പ്, മൂക്കന്‍സ് മീന്‍ചട്ടി എന്നീ സ്ഥാപനങ്ങള്‍ ഗുണ്ടകളുടെയും ലഹരിമാഫിയകളുടെയും വിളയാട്ടം സഹിക്കവയ്യാതെ പൂട്ടാനൊരുങ്ങുകയായിരുന്നു ജോര്‍ജ്ജ് വര്‍ഗ്ഗീസ്. ഗതികെട്ട അവസ്ഥയില്‍ താന്‍ അയര്‍ലന്‍ഡിലേക്ക് തന്നെ തിരിച്ചുപോവുമെന്നും ജോര്‍ജ്ജ് വര്‍ഗ്ഗീസ് പറഞ്ഞിരുന്നു.

എന്നാല്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ സ്ഥാപനങ്ങളില്‍ അക്രമണം നടത്തിയവരെ പോലീസ് പിടികുടിയതായുള്ള ആശ്വാസകരമായ വാര്‍ത്തയാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. മന്ത്രി എം,ബി രാജേഷിന്റെ കാര്യക്ഷമമായ ഇടപടെലാണ് വിഷയത്തില്‍ നടപടിയിലേക്ക് നയിച്ചത്. ജോര്‍ജ്ജ് വര്‍ഗ്ഗീസ് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ലോകകേരളസഭ അംഗം അഭിലാഷ് തോമസ് കഴിഞ്ഞ ദിവസം മന്ത്രിയെ വിളിച്ച് നേരിട്ട് അറിയിച്ചിരുന്നു.

നാട്ടിലെ സ്ഥാപനത്തില്‍ ദീര്‍ഘകാലമായി ഗുണ്ടകള്‍ കൂട്ടത്തോടെ എത്താറുണ്ടെന്നും, തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സ്ഥാപനം നടത്താന്‍ അനുവദിക്കില്ല എന്നുമായിരുന്നു ലഹരിമാഫിയയുടെ ഭീഷണിയെന്നായിരുന്നു ജോര്‍ജ്ജ് വര്‍ഗ്ഗീസ് പറഞ്ഞത്. റസ്റ്റോറന്റിലും, ഷാപ്പിലും ഇവര്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതായും, കുടുംബങ്ങളെ തന്റെ സ്ഥാപനത്തില്‍ നിന്നും അകറ്റാനുള്ള ഉദ്ദേശമാണ് ഇവര്‍ക്കെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്സിനെയടക്കം ഇവര്‍ ആക്രമിക്കുന്നതായും ജോര്‍ജ്ജ് വര്‍ഗ്ഗീസ് പരാതിപ്പെട്ടിരുന്നു.

35 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് ജോര്‍ജ്ജ് ജോസഫ് ഈ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ഫോര്‍ സ്റ്റാര്‍ പ്രവര്‍ത്തിപരിചയമുള്ള ഷെഫുമാര്‍ ഉള്‍പ്പെടെ പതിനെട്ടോളം പേര്‍ ‌ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. എന്നാാല്‍ സുരക്ഷ ഭയന്ന് ഈ ജീവനക്കാരും സ്ഥാപനം വിട്ടുപോവകുയാണെന്നും ജോര്‍ജ്ജ് വര്‍ഗ്ഗീസ് പറഞ്ഞു

അയര്‍ലന്‍ഡില്‍ Culinary Arts പഠിച്ച ശേഷം സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തിവരികയായിരുന്നു ജോര്‍ജ്ജ് ജോസഫ്. ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും അയര്‍ലന്‍ഡില്‍ തന്നെയാണുള്ളത്. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും, ആവശ്യമായ പിന്തുണ പോലീസില്‍ നിന്നും ലഭിച്ചില്ലെന്നും ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഇതിന് മുന്‍പ് പറഞ്ഞിരുന്നു.

ഈ സാഹചര്യങ്ങളില്‍ മാറ്റം വന്നില്ലെങ്കില്‍ അയര്‍ലന്‍ഡിലേക്ക് തിരിച്ചുപോവുമെന്നും, കേരളത്തില്‍ സ്ഥാപനം നടത്തി നഷ്മായ തുക അയര്‍ലന്‍ഡിലെ ബിസിനസ് നടത്തി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: