യൂറോപ്യൻ യൂണിയൻ ഇക്കോമറൈൻ പ്രോജക്ട് നിർവ്വഹണത്തിനുള്ള എട്ട് ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സർവ്വകലാശാലയും

യൂറോപ്യൻ യൂണിയൻ ഇക്കോമറൈൻ പ്രോജക്ട്‌ നിർവഹണത്തിനുള്ള യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലെ ആറുരാജ്യത്തെ എട്ടു ഗവേഷണ സ്ഥാപനങ്ങളിൽ കേരളസർവകലാശാലയും. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി പഠനവകുപ്പിനെ യൂറോപ്യൻ യൂണിയനാണ്‌ തെരഞ്ഞെടുത്തത്. വകുപ്പുമേധാവിയും പ്രോജക്ട് ലീഡറുമായ ഡോ. എ ബിജുകുമാർ പദ്ധതിയുടെ നിർവഹണസ്ഥാപനമായി യൂറോപ്യൻ യൂണിയൻ നിയോഗിച്ച സൈപ്രസ്‌ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എത്തി തുടർനടപടിക്കുള്ള ചർച്ച നടത്തി. സ്പെയിനിലെ ഒവിഡോ സർവകലാശാലയിലെ പരിശീലനത്തിൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകർ നേരത്തേ പങ്കെടുത്തിരുന്നു.

പദ്ധതിക്കായി 98 ലക്ഷം രൂപ (1,10,427 യൂറോ) ലഭിച്ചു. സമുദ്രത്തിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ നിർമാർജനം, കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ സംവിധാനമുണ്ടാക്കൽ എന്നിവയ്ക്കാണിത്. പദ്ധതിയുടെ ഭാഗമായി അക്വാട്ടിക് ബയോളജിവിഭാഗം സമുദ്രനിരീക്ഷണത്തിനുള്ള മറൈൻ മോണിറ്ററിങ് ലാബ് സ്ഥാപിക്കും. യൂറോപ്യൻ സ്ഥാപനങ്ങളുമായുള്ള നെറ്റ്‌വർക്കിങ്, വിദഗ്‌ധരുടെ പരിശീലനം എന്നിവ സർവകലാശാലയിലെ അധ്യാപകർക്കും ഗവേഷകർക്കും ഉറപ്പാക്കും. സമുദ്രശാസ്ത്രമേഖലയിലെ ഗവേഷകർക്കായി ഇ–ലേണിങ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനുള്ള പദ്ധതിയിലും കേരള സർവകലാശാല പങ്കാളിയാകും.

Share this news

Leave a Reply

%d bloggers like this: