ആരോഗ്യ മേഖലയിലെ 4500 ലധികം ജീവനക്കാർ അസുഖം ബാധിച്ച് അവധിയിൽ ; ജീവനക്കാരുടെ അഭാവം ആശങ്കയുളവാക്കുന്നതായി HSE

അയര്‍ലന്‍ഡില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ആശുപത്രികള്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ജീവനക്കാരുടെ അഭാവം. ആശുപത്രികളില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുമ്പോഴും, എമര്‍ജന്‍സി വിഭാഗങ്ങളിലടക്കം ബെഡ്ഡിനായി നിരവധി രോഗികള്‍ കാത്ത് കിടക്കുമ്പോഴും രാജ്യത്തെ 4.5 ശതമാനത്തിലധികം ജീവനക്കാര്‍ അവധിയിലാണെന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. HSE ക്ക് കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഒരുലക്ഷത്തിലധികം ജീവനക്കാരില്‍ 4500 ലധികം പേര്‍ അസുഖവും, അനുബന്ധ കാരണങ്ങളും മൂലം അവധിയിലാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

അതേസമയം അടുത്ത മൂന്ന്-നാല് ആഴ്ചകളില്‍ ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാവുമെന്ന മുന്നറിയിപ്പുമായി HSE പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ John Cuddihy കഴിഞ്ഞ ദിവസം രംഗത്തെത്തി. കഴിഞ്ഞയാഴ്ച ആകെ 27904 രോഗികള്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ നേടിയയതായും, ഇവരില്‍ 4147 പേര്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരും ആഴ്ചകളില്‍ ആശുപത്രി ബെഡ്ഡിനായി കാത്തുകിടക്കുന്നവരുടെ എണ്ണം ആയിരം കടന്നേക്കാമെന്ന് HSE മേധാവി Stephen Mulvany പറഞ്ഞു. ഫ്ലൂ കേസുകള്‍ ഉച്ഛസ്ഥായിയിലെത്തുമ്പോള്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ HSE സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: