അൽസ്‌ഹൈമേഴ്‌സ് ചികിത്സയ്ക്കായുള്ള മരുന്നിന് യു. എസ് അംഗീകാരം ; തീരുമാനം സ്വാഗതം ചെയ്ത് അൽസ്‌ഹൈമേഴ്‌സ് സൊസൈറ്റി ഓഫ് അയർലൻഡ്

അല്‍സ്ഹൈമേഴ്സ് രോഗചികിത്സയില്‍ നിര്‍ണ്ണായകമായേക്കാവുന്ന Lecanemab ആന്റി ബോഡി മരുന്നിന് അംഗീകാരം നല്‍കിയ US Food & Drug Administration (FDA) തീരുമാനത്തെ സ്വാഗതം ചെയ്ത് അല്‍സ്ഹൈമേഴ്‍സ് സൊസൈറ്റി ഓഫ് അയര്‍ലന്‍ഡ്. അല്‍സ്ഹൈമേഴ്സുമായി ബന്ധപ്പെട്ട ഓര്‍മക്കുറവിനെ പ്രാരംഭഘട്ടത്തില്‍ തന്നെ കുറയ്ക്കാനുള്ള ശേഷി മരുന്നിനുണ്ടെന്ന് ഇതിനുമുന്‍പ് നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞിരുന്നു. Lecanemab ആന്റിബോഡി മരുന്നിനെ Leqembi എന്ന പേരിലാണ് മാര്‍ക്കറ്റിലെത്തിക്കുക.

അല്‍സ്‍ഹൈമേഴ്സ് രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്ന 1795 രോഗികളിലായിരുന്നു മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്. രോഗികളുടെ തലച്ചോറില്‍ രൂപപ്പെടുന്ന amyloid എന്നു പേരുള്ള ഒരുതരം പ്രോട്ടീന്‍ ഇല്ലാതാക്കാന്‍ ഈ മരുന്നിന് കഴിഞ്ഞതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന Clinical Trials in Alzheimer’s Disease (CTAD) കോണ്‍ഫറന്‍സില്‍ ജപ്പാനീസ് ഫാര്‍മസി കമ്പനിയായ Eisai ഈ മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങളും അവതരിപ്പിച്ചു. ഇതോടെയായിരുന്നു FDA മരുന്നിന് അംഗീകാരം നല്‍കിയത്.

അല്‍സ്ഹൈമേഴ്സിന്റെ പ്രാരംഭ ചികിത്സയ്ക്കും, Mild Cognitive Impairment ചികത്സകള്‍ക്കും വളരെ ഉപകാരപ്രദമായ മരുന്നാണ് Leqembi എന്ന് ASI റിസര്‍ച്ച് ആന്റ് പോളിസി മാനേജര്‍ ഡോക്ടര്‍ Laura O’Philbin പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ യൂറോപ്പില്‍ ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യാനുള്ള അനുമതിക്കായി Eisai അപേക്ഷ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം അയര്‍ലന്‍ഡില്‍ ഡിമന്‍‍ഷ്യ ബാധിച്ച 64000 ആളുകളാണുള്ളത്. 2045 നുള്ളില്‍ ഈ സംഖ്യ ഒന്നര ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം അല്‍സ്‍ഹൈമേഴ്സ് രോഗം പൂര്‍ണ്ണായി മാറ്റുന്ന ഒരു മരുന്നല്ല Leqembi എന്നും, രോഗം മൂര്‍ച്ഛിക്കുന്നതിന്റെ വേഗത തടയാനാണ് ഈ മരുന്ന് ഉപയോഗിക്കുകയെന്നുമാണ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ Joy Snider പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: