ആശുപത്രികൾ തിങ്ങിനിറയുമ്പോഴും മിലിട്ടറി ഹോസ്പിറ്റലുകളിൽ ഒഴിഞ്ഞു കിടക്കുന്നത് നിരവധി ബെഡ്ഡുകൾ

രാജ്യത്തെ ആശുപത്രികളിലെ ട്രോളി വെയിറ്റിങ് ലിസ്റ്റുകള്‍ റെക്കോഡ് നമ്പറിലെത്തി നില്‍ക്കുമ്പോഴും മിലിട്ടറി ഹോസ്പിറ്റലുകളില്‍ ഒഴിഞ്ഞു കിടക്കുന്നത് നിരവധി ബെഡ്ഡുകള്‍. സ്വതന്ത്ര പാര്‍ലിമെന്റ് അംഗവും, മിലിട്ടറി മെഡിക്കല്‍ സ്കൂള്‍ മുന്‍ മേധാവിയുമായ Cathal Berry ആണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തുവന്നത്.

ഡബ്ലിനിലെ Mater ഹോസ്പിറ്റലിന് സമീപത്തായുള്ള St Bricin’s ഹോസ്പിറ്റല്‍, Kildare ലെ Curragh ഹോസ്പിറ്റല്‍ എന്നിവ ഇത്തരത്തില്‍ പരിഗണിക്കാവുന്നതാണ്. St Bricin’s ല്‍ ചുരുങ്ങിയത് രണ്ട് വാര്‍ഡുകളും, Curragh ഹോസ്പിറ്റലില്‍ ചുരുങ്ങിയത് നാല് വാര്‍ഡുകളും ഈ പ്രതിസന്ധി ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല 2020 ല്‍ കോവിഡ് പ്രതിസന്ധിയുണ്ടായപ്പോള്‍ അഞ്ച് ലക്ഷം യൂറോ ചിലവാക്കിക്കൊണ്ട് St Bricin’s ലെ ഓക്സിജന്‍ , ഫയര്‍, വെളിച്ചം എന്നീ സംവിധാനങ്ങള്‍ HSE നവീകരിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Mater, St James’s എന്നിവിടങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ പകരം സംവിധാനമായി ഈ കേന്ദ്രങ്ങളെ ഉപയോഗിക്കാന്‍ അന്ന് പദ്ധതിയുണ്ടായിരുന്നെങ്കിലും നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ ഇവ ഉപയോഗിക്കപ്പെടുന്നില്ല.

അതേസമയം അയര്‍ലന്‍ഡിലെ ഫ്ലൂ സീസണ്‍ ഉച്ഛസ്ഥായിയിലെത്തിയിട്ടില്ല എന്നും, കേസുകള്‍ ഇനിയും കൂടാനും, ആശുപത്രികളിലെ തിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം HSE അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്. അയര്‍ലന്‍ഡിലെ ആശുപത്രികള്‍ തിങ്ങിനിറയുന്നത് ദേശീയ പ്രതിസന്ധിയായി പരിഗണിക്കണമെന്ന ആവശ്യവുമായി Irish Nurses and Midwives Organisation (INMO) ഉം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശാശ്വതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരങ്ങളിലേക്കടക്കം നീങ്ങുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് INMO യുടെ ആവശ്യം. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയിലെ സ്റ്റാഫിന്റെ അഭാവം സംബന്ധിച്ചും, തുടര്‍നടപടികള്‍ സംബന്ധിച്ചും അംഗങ്ങളുമായി ഈയാഴ്ച തന്നെ ചര്‍ച്ച നടത്തുമെന്നും INMO അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: