കോർക്കിലെ വീട്ടിൽ ഇരുപത് വർഷത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കോര്‍ക്കിലെ വീട്ടില്‍ ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് Mallow ലെ വീട്ടില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ബട്ടറിന്റെ ഡേറ്റ് 2001 എന്ന് രേഖപ്പെടുത്തിയതിനാല്‍ മൃതദേഹത്തിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ പറഞ്ഞു.

ഒഴിഞ്ഞുകിടന്ന വീടുകള്‍ വൃത്തിയാക്കുന്നതിനിടെ കൌണ്‍സില്‍ ജീവനക്കാരാണ് വീട്ടിലെ കട്ടിലിന് മുകളില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ‍ ഉടന്‍ തന്നെ ഇവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷം മൃതദേഹം ഇവിടെ നിന്നും നീക്കം ചെയ്ത് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ എത്തിച്ചു.

അസിസ്റ്റന്റ് സ്റ്റേറ്റ് പത്തോളജിസ്റ്റ് ഡോക്ടര്‍ Margaret Bolster ടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നാണ് ഗാര്‍ഡ പ്രാഥമികമായി നല്‍കുന്ന വിവരം.

അതേസമയം മരണപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഡെന്റല്‍ റെക്കോഡുകളിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് ഗാര്‍ഡ അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ ദിവസം മേഖലയിലെ വീടുകള്‍ കേന്ദ്രീകരിച്ച് ഗാര്‍ഡയുടെ അന്വേഷണങ്ങള്‍ നട‌ന്നിരുന്നു. മേഖലയിലെ യൂട്ടിലിറ്റി സേവന ദാതാക്കളുമായി സഹകരിച്ച് മരണസമയം കണ്ടെത്താനുള്ള ശ്രമവും ഉദ്യോഗസ്ഥര്‍ തുടരുകയാണ്. ഏതെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ Mallow ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: