പാലക്കാട് സ്വദേശിയായ യുവ എഞ്ചിനീയർ പോളണ്ടിൽ കൊല്ലപ്പെട്ടു; സംഭവിച്ചതെന്തെന്നറിയാതെ കുടുംബം

പാലക്കാട് സ്വദേശിയായ യുവ എഞ്ചിനീയര്‍ എസ്.ഇബ്രാഹിം പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടു. ഇബ്രാഹിം താമസിക്കുന്ന വില്ലയില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ താമസിച്ചിരുന്ന പോളണ്ട് സ്വദേശിയായ എമില്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തുതായും വിവരം ലഭ്യമാണ്.
അതേസമയം ഇബ്രാഹിമിന്റെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പത്തുമാസം മുന്‍പാണ് പോളണ്ടിലെ ഒരു ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായി ഇബ്രാഹിം ജോലി ആരംഭിച്ചത്. ധാരാളം വില്ലകളുള്ള ഒരു ഏരിയയിലാണ് ഇബ്രാഹിമും, നിലവില്‍ കസ്റ്റഡിയിലുള്ള എമിലും താമസിച്ചിരുന്നത്. കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ ഇവിടെ നിന്നും താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വര്‍ക്കം ഫ്രം ഹോം ആയി ജോലി ചെയ്തിരുന്ന ഇബ്രാഹിം ചൊവ്വാഴ്ച രാത്രി 9.20 വരെ ജോലി ചെയ്തതായും, പിന്നീട് 9.30 ന് ശേഷം ഫോണില്‍ ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തിരുന്ന അമലിനെ ബന്ധുക്കള്‍ ഈ വിവരം അറിയിച്ചതോടെ അമല്‍ വില്ലയില്‍ ചെന്ന് അന്വേഷിക്കുകയായിരുന്നു. ഇബ്രാഹിം പുറത്തുപോയി എന്നായിരുന്നു വില്ലയിലുണ്ടായിരുന്ന പോളണ്ട് സ്വദേശി അമലിനോട് പറഞ്ഞത്. വിവരം പിന്നീട് പോളണ്ടിലെ മലയാളി അസോസിയേഷനില്‍ അറിയിക്കുകയായിരുന്നു. ഇവരാണ് ബുധനാഴ്ച രാത്രി മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണകാരണം സംബന്ധിച്ച് യാതൊരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ലിമെന്റ് അംഗങ്ങളായ വി.കെ ശ്രീകണ്ഠന്‍, ശശി തരൂര്‍ എന്നിവര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: