യുകെ മലയാളിയും കോതമംഗലം സ്വദേശിയുമായ ദേശീയ കായിക താരം പി കെ സ്റ്റീഫൻ നാട്ടിൽ അന്തരിച്ചു

ദേശീയ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ് താരവും യുകെ മലയാളിയുമായ പി കെ സ്റ്റീഫൻ (51) നാട്ടിൽ അന്തരിച്ചു. കോതമംഗലം ചേലാട് ചെമ്മീൻകുത്ത് പോക്കാട്ട് കുടുംബാംഗമായ സ്റ്റീഫനെ ശനിയാഴ്ച രാവിലെ 11 മണിയോടെ വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഒരു വർഷം മുൻപ് യുകെയിലെ സൗത്ത്പോർട്ട് ആൻഡ് ഫോംബി ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ നഴ്സായി എത്തിയ ജിബി സ്റ്റീഫനാണ് ഭാര്യ. ക്രിസ്റ്റീന സ്റ്റീഫൻ (ബിരുദ വിദ്യാർഥിനി, എം എ കോളജ്, കോതമംഗലം), എൽദോസ് സ്റ്റീഫൻ (രണ്ടാം വർഷ എ ലെവൽ വിദ്യാർഥി, ക്രൈസ്റ്റ് ദി കിങ്, സൗത്ത്പോർട്ട്) എന്നിവരാണ് മക്കൾ.

മൂത്ത മകൾക്ക് യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു. മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് യുകെയിൽ നിന്നും നാല് മാസം മുൻപാണ് സ്റ്റീഫൻ നാട്ടിലേക്ക് പോയത്. ഫെബ്രുവരി 14 ന് പശ്ചിമബംഗാളിലെ മിഡ്നാപൂരിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിനുള്ള ഒരുക്കത്തിനിടയിലാണ് അപ്രതീക്ഷിത മരണം. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ മത്സര പരിശീലനത്തിലായിരുന്നു സ്റ്റീഫനെന്ന് അയൽക്കാർ പറഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനായിരുന്ന സ്റ്റീഫൻ കോതമംഗലം എം എ ഇന്റർനാഷനൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ, കെ വി സ്കൂൾ എന്നിവിടങ്ങളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പി കെ എൽദോസ്, വിത്സൺ പി. കുര്യാക്കോസ്, ജിജി എൽദോസ്.

comments

Share this news

Leave a Reply

%d bloggers like this: