തുര്‍ക്കി-സിറിയ ഭൂകമ്പം; മരണസംഖ്യ 28000 കടന്നു; മരണസംഖ്യ ഇരട്ടിയാകാന്‍ സാധ്യതയെന്ന് യു.എന്‍ റിലീഫ് മേധാവി

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 28000 കടന്നു. ദിവസങ്ങള്‍ കടന്നുപോവന്നതോടെ കൂടുതല്‍ പേരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യതയും മങ്ങുകയാണ്. തുര്‍ക്കിയില്‍ മാത്രം 24617 മരണങ്ങള്‍ സ്ഥിരീകരിച്ചതായി തുര്‍ക്കി വൈസ് പ്രസിഡന്റ് Fuat Oktay പ്രഖ്യാപിച്ചു. സിറിയയില്‍ 3,574 പേര്‍ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് Tayyip Erdogan കഴിഞ്ഞ ദിവസം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം മരണസംഖ്യ നിലവിലുള്ളതിന്റെ ഇരട്ടിയോ,അതിലധികമോ ആവാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ ദുരിതാശ്വാസ വിഭാഗം മേധാവി Martin Griffiths കഴിഞ്ഞ ദിവസം പറഞ്ഞു. 26 മില്യണ്‍ ആളുകളെ നേരിട്ടും, അല്ലാതെയും ദുരന്തം ബാധിച്ചതായി ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അടിയന്തിരമായി 40 മില്യണ്‍ യൂറോ ആവശ്യമുള്ളതായും WHO കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയിലും സിറിയയിലുമായി 870000 ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയും കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ തുര്‍ക്കിയില്‍ നിന്നുള്ള 32000 രക്ഷാപ്രവര്‍ത്തകരും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 8924 രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് നീക്കുന്നത്. അതേസമയം ചില സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഓസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം താത്കാലികമായി ദൌത്യം നിര്‍ത്തിവച്ചിരുന്നു. സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: