ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം അയർലൻഡിലും രൂക്ഷം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും അയർലൻഡിലേക്കുള്ള ഹെൽത്ത്കെയർ റിക്രൂട്മെന്റിന്റെ പേരിൽ ഏജന്റുമാർ തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ

ആഗോളതലത്തില്‍ തന്നെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ലഭ്യതയില്‍ നേരിടുന്ന ക്ഷാമം ഈയിടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അയര്‍ലന്‍ഡിലും ഹെല്‍ത്ത്കെയര്‍ മേഖലയില്‍ പ്രാവീണ്യമുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയടക്കമുള്ള നോണ്‍-ഇയു രാജ്യങ്ങളില്‍ വിപുലമായ റിക്രൂട്ടമെന്റ് ക്യാംപെയിനുകള്‍ HSE യുടെ മേല്‍നോട്ടത്തില്‍ ഈയിടെ നടന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ റിക്രൂട്ട്മെന്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് HSE തന്നെ ഒരു ഘട്ടത്തില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. 2025 ഓടെ തുറന്നു പ്രവര്‍ത്തിക്കാനിരിക്കുന്ന പുതിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനായുള്ള റിക്രൂട്ട്മെന്റുകളും തുടരുകയാണ്. ‌അഞ്ഞൂറോളം ജീവനക്കാരുടെ ആവശ്യകതയുള്ളപ്പോള്‍ കേരളത്തിലടക്കം നടന്ന റിക്രൂട്ട്മെന്റ് ക്യാംപെയിനുുകളില്‍ നിന്നും ആകെ ഇതിനായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞത് 100 പേരെയാണ്.

ഈ ഘട്ടത്തിലാണ് ഹെല്‍ത്ത് കെയര്‍ റിക്രൂട്ട്മെന്റിന്റെ പേരില്‍ ഏജന്റുമാര്‍ നടത്തുന്ന ചൂഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് Migrant Nurses Ireland രംഗത്തുവന്നിരിക്കുന്നത്. റിക്രൂട്ട്മെന്റിനായി നഴ്സുമാരുടെ കയ്യില്‍ നിന്നും ചില പ്രൈവറ്റ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ലക്ഷങ്ങള്‍ ഫീസായി ഈടാക്കുന്നതായി MNI സഹസ്ഥാപകനും മലയാളിയുമായ വിനു കൈപ്പിള്ളി പറഞ്ഞു. ‍ ഭൂരിഭാഗം നഴ്സിങ് ഹോമുകള്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടെങ്കിലും ഇവര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യഥാവിധം സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുന്ന അംഗീക‍ൃത ഏജന്‍സികള്‍ പ്രവര്‍ത്തിക്കുമ്പോഴും ചില ഏജന്‍സികള്‍ ഇതിന് വിഭിന്നമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്നും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് പോലും ഇവര്‍ ഫീസായി ഈടാക്കുന്നത് പതിനഞ്ച് ലക്ഷം രൂപ വരെയാണ്.

HSE ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നഴ്സുമാര്‍ക്കായി റിലൊക്കേഷനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് പാലിക്കുന്നില്ലെന്നും വിനു കൈപ്പിള്ളി ആരോപിച്ചു. ഒരു മുറിയില്‍ മൂന്ന് നഴ്സുമാരെ വരെ താമസപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായതായും, കോവിഡ് അടക്കമുള്ള രോഗങ്ങള്‍ ഇത്തരത്തില്‍ നഴ്സുമാരെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പലരും ഇത് വെളിപ്പെടുത്താത്തത് എന്നും വിനു പറഞ്ഞു.

അയര്‍ലന്‍ഡിലെ നഴ്സിങ് ഓവര്‍സീസ് അഭിരുചി പരീക്ഷ സംബന്ധിച്ച ആശങ്കകളും വിനു കൈപ്പിള്ളി പങ്കുവച്ചു. ടെസ്റ്റ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായും, ഇതില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാനായി NMBI, RSCI എന്നീ ഏജന്‍സികളുമായി മൈഗ്രന്റ് നഴ്സസ് അയര്‍ലന്‍ഡ് ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: