ജീവിതച്ചിലവ് പ്രതിസന്ധി മറികടക്കാൻ 1.3 ബില്യൺ യൂറോയുടെ പാക്കേജുമായി അയർലൻഡ് സർക്കാർ

അയര്‍ലന്‍ഡിലെ ജീവിതച്ചിലവ് വര്‍ദ്ധനവ് പ്രതിസന്ധി മറികടക്കാനുള്ള 1.3 ബില്യണ്‍ യൂറോയുടെ പാക്കേജിന് ക്യാബിനറ്റിന്റെ അനുമതി. 200 യൂറോ ബോണസ് വെല്‍ഫെയര്‍ പേയ്മെന്റ്, 100 യൂറോ ചൈല്‍ഡ് ബെനിഫിറ്റി ടോപ്പ്-അപ്പ് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗം അനുമതി നല്‍കിയത്.

വിവിധ നികുതിയിളവുകള്‍, ബിസിനസ് സ്ഥാപനങ്ങളുടെ അധിക ഊര്‍ജ്ജ ബില്ലുകള്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ എന്നിവ സംബന്ധിച്ചും കഴിഞ്ഞ ദിവസം ധാരണായായിട്ടുണ്ട്. പ്രാധാനമന്ത്രി ലിയോ വരദ്കര്‍, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, പരിസ്ഥിതി മന്ത്രി Eamon Ryan എന്നിവര്‍ ചേര്‍ന്നാണ് ക്യാബിനറ്റ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സമ്മറില്‍ പുതിയ എനര്‍ജി ക്രെഡിറ്റുകള്‍ ഉണ്ടാവില്ലെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.

പ്രധാന തീരുമാനങ്ങള്‍

പ്രതിവാര വെല്‍ഫെയര്‍ പേയ്മെന്റ് ഗുണഭോക്താക്കളായ ആളുകള്‍ക്ക് ഇതിന് പുറമേ 200 യൂറോ ബോണസ് പേയ്മെന്റ് അനുവദിക്കും. ഏപ്രില്‍ മാസത്തിലാണ് ഈ തുക നല്‍കുക. ഓരോ കുട്ടിക്കും ലഭിക്കുന്ന ചൈല്‍ഡ് ബെനിഫിറ്റില്‍ 100 യൂറോ ടോപ്പ് അപ്പ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തിലാണ് ഈ തുക ലഭ്യമാവുക.

കഴിഞ്ഞ കോസ്റ്റ് ഓഫ് ലിവിങ് പാക്കേജിന്റെ ഭാഗമായി ഒഴിവാക്കിയ സ്കൂള്‍ ട്രാന‍്സ്പോര്‍ട്ട് ഫീസ് തിരികെക്കൊണ്ടുവരാന്‍ ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ലീവിങ് സര്‍ട്ട്, ജൂനിയര്‍ സര്‍ട്ട് പരീക്ഷകള്‍ക്കുള്ള ഫീസ് ഒഴിവാക്കുമെന്നും ഇന്നലത്തെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 11 മില്യണ്‍ യൂറോ ആണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്. ബാക്ക് ടു സ്കൂള്‍ അലവന്‍സ് ടോപ്പ് അപ്പായി 100 യൂറോ അനുവദിക്കുമെന്നും പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു.

ഹോസ്പിറ്റാലിറ്റി മേഖലയിലെ 9 ശതമാനം VAT നിരക്ക് തുടരുമെന്ന് ഇന്നലെ ക്യാബിനറ്റില്‍ ധാരണയായിട്ടുണ്ട്. ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി വിവിധ ഘട്ടങ്ങളായി മാത്രമേ വര്‍ദ്ധിപ്പിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: