ഉക്രൈനിൽ യുദ്ധമാരംഭിച്ചിട്ട് ഒരാണ്ട് ; യുദ്ധം ബാക്കി വച്ചത് എന്ത് ?

റഷ്യന്‍ അധിനിവേശ ശക്തികള്‍ ഉക്രൈനില്‍ യുദ്ധമാരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ദിവസങ്ങള്‍കൊണ്ടോ, ആഴ്ചകള്‍ കൊണ്ടോ തങ്ങളുടെ ഉക്രൈന്‍ ദൗത്യം പൂര്‍ത്തിയാക്കുമെന്നുള്ള റഷ്യന്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ഉക്രൈന്‍ യുദ്ധത്തെ നേരിട്ടത്. ആ ചെറുത്തുനില്‍പ്പിന്റെ ഒരു വര്‍ഷം കൂടിയാണ് ഇന്ന് അടയാളപ്പെടുത്തുന്നത്.

റഷ്യയുടെ സൈനിക ശക്തിയോട് പിടിച്ചുനില്‍ക്കുക എന്നത് ഉക്രൈനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. രാജ്യം കനത്ത ആക്രമണങ്ങളെ നേരിടുമ്പോഴും ഒളിച്ചോടാതെ മുന്നില്‍ തന്നെയുണ്ടായിരുന്നു വ്ലാദ്മിര്‍ സെലന്‍സ്കി എന്ന ഉക്രൈന്‍ ഭരണാധികാരി. കീഴടങ്ങാന്‍ മനസ്സില്ലെന്ന് പലവട്ടം പ്രഖ്യാപിച്ച സെലന്‍സ്കി യൂറോപ്പിന്റെയും, മറ്റു പാശ്ചാത്യ ശക്തികളുടെയും പിന്തുണയ്ക്കായി നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. കീഴടങ്ങാന്‍ തയ്യാറാവാത്ത സെലന്‍സ്കിയുടെ ആത്മവീര്യം തന്നെയാണ് നേര്‍ക്കുനേര്‍ പോരാടാനായി ഉക്രൈന്‍ സൈനികര്‍ക്ക് ഇപ്പോഴും ശക്തി നല്‍കുന്നതും.

യൂറോപ്പില്‍ നിന്നും , മറ്റു പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും യുദ്ധത്തില്‍ നേരിട്ട് സഹായം ലഭിച്ചില്ലെങ്കിലും ആയുധ-സാമ്പത്തിക സഹായങ്ങള്‍ നിരവധി തവണ ഉക്രൈന് ലഭിച്ചിട്ടുണ്ട്. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് റഷ്യയെ കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് അകറ്റി നിര്‍ത്താനും ഈ രാജ്യങ്ങള്‍ക്ക് ഈ ഒരു വര്‍ഷക്കാലയളവില്‍ സാധിച്ചു.

യുദ്ധം മൂലം സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നവരേയും കയ്യൊഴിയാന്‍ യൂറോപ്പ് തയ്യാറായിരുന്നില്ല. അഭയം തേടിയെത്തിയവരെ ഇരുകൈകളും നീട്ടിയാണ് യൂറോപ്പ് സ്വാഗതം ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയായി ഇത് വിലയിരുത്തപ്പെടുമ്പോഴും അഭയം തേടിയുള്ള ഉക്രൈന്‍കാരുടെ യാത്ര ഇപ്പോഴും തുടരുകയാണ്.

യുദ്ധമാരംഭിച്ച് ആദ്യദിനം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ രാജ്യം വിട്ടതായാണ് കണക്കുകള്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എട്ട് മില്യണിലധികം ഉക്രൈന്‍കാര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ചേക്കേറിക്കഴിഞ്ഞു. 1.5 മില്യണിലധികം ആളുകള്‍ പോളണ്ടിലേക്കാണ് എത്തിച്ചേര്‍ന്നത്. 881000 ആളുകള്‍ ജര്‍മ്മനിയിലും, 486000 ആളുകള്‍ ചെക്ക് റിപബ്ലിക്കിലും അഭയം തേടിയെത്തിയിട്ടുള്ളതായി  United Nations High Commissioner for Refugees (UNHCR) പുറത്തുവിടുന്ന കണക്കുകള്‍. ഇതുവരെ 70000 പേരാണ് അയര്‍ലന്‍ഡിലേക്ക് എത്തിച്ചേര്‍ന്നത്. യൂറോപ്പിന് പുറത്ത് യു.എസ്, കാനഡ തുങ്ങിയ രാഷ്ട്രങ്ങളിലും ആയിരക്കണക്കിനാളുകള്‍ യുദ്ധത്തിന് ശേഷം എത്തിച്ചേര്‍ന്നിട്ടുണ്ട്.

യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഉക്രൈനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്കായി റഷ്യ കോപ്പുകൂട്ടുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നു. വെടിയേറ്റുമരിച്ച പതിനായിരക്കണക്കിന് സൈനികര്‍, ആയിരണക്കിന് സാധാരണക്കാര്‍, നാമാവശേഷമായ വന്‍നഗരങ്ങള്‍, തകര്‍ന്നടിഞ്ഞ സമ്പദ്‍‍വ്യവസ്ഥ, സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിനാളുകള്‍ ഇത്രയുമാണ് ഒരു വര്‍ഷക്കാലത്തെ യുദ്ധത്തിന്റെ ബാക്കിപത്രം. ഇരുഭാഗത്തും നഷ്ടങ്ങളല്ലാതെ യുദ്ധത്തില്‍ നിന്നും നേട്ടങ്ങളൊന്നും തന്നെയില്ല.

ഉക്രൈന്‍ എന്ന രാഷ്ട്രത്തിന്റെ ഭാവി തലമുറ ലോകത്തിന്റെ വിവിധ കോണുകളിലായി ചിതറിത്തെറിക്കാന്‍ ഈ യുദ്ധം കാരണമായി എന്നുതന്നെ പറയാം. തകര്‍ക്കാനും, തരിപ്പണമാക്കുമാനും എളുപ്പമാണ്, എന്നാല്‍ പഴയ നിലയിലേക്ക് അതിനെ തിരികൊക്കണ്ടുവരിക എന്നത് എളുപ്പമല്ല. യുദ്ധം അവസാനിച്ചാലും തങ്ങളുടെ നഷ്ടങ്ങള്‍ നികത്താന്‍ ഉക്രൈന് ഇനിയും പതിറ്റാണ്ടുകള്‍ വേണ്ടിവന്നേക്കാം. കാത്തിരിക്കാം കിഴക്കന്‍ യൂറോപ്പില്‍ സമാധാനത്തിന്റെ വെള്ളക്കൊടി ഉയരുന്ന ആ ദിവസത്തിനായി.

Share this news

Leave a Reply

%d bloggers like this: